സ്വിങ് ലഭിക്കാൻ പന്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ

ഓസീസ് ക്രിക്കറ്റിലെ പന്തു ചുരണ്ടൽ വിവാദം പതിയെ കെട്ടടങ്ങവേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസർ. റിവേഴ്‌സ് സ്വിങ് ലഭിക്കുന്നതിനായി പന്തില്‍ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ഇംഗ്ലണ്ട് താരമായിരുന്ന മോണ്ടി പനേസര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ദ ഫുൾ മോണ്ടി’ എന്ന തൻ്റെ ആത്മകഥയിലൂടെയാണ് പനേസറുടെ വെളിപ്പെടുത്തൽ.

ഇംഗ്ലണ്ട് ടീമിൽ തൻ്റെ പ്രധാന ജോലി പേസർമാർക്ക് ഇത്തരത്തിൽ പന്തൊരുക്കലായിരുന്നു സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, മിന്റ്, ട്രാക്ക്‌സ്യൂട്ടിന്റെ സിപ്പ് എന്നിവയൊക്കെ കൃത്രിമം കാണിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങനെയാണ് തങ്ങൾ റിവേഴ്സ് സ്വിങ് കണ്ടെത്തിയിരുന്നതെന്നും പനേസർ വെളിപ്പെടുത്തുന്നു.

തങ്ങള്‍ക്കൊപ്പം പന്തെറിയണമെങ്കില്‍ വിയര്‍പ്പുള്ള കൈ കൊണ്ട് പന്തിന്റെ തിളക്കമേറയ ഭാഗത്ത് സ്പര്‍ശിക്കരുതെന്ന് സഹബൗളര്‍മാര്‍ പറഞ്ഞിരുന്നു. ഓപ്പണിങ് ബൗളറായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പന്ത് എപ്പോഴും ഉണങ്ങിയ അവസ്ഥയിലായിരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും പനേസറിന്റെ പുസ്തകത്തിലുണ്ട്.

ലോകം കണ്ട ഏറ്റവും മികച്ച റിവേഴ്സ് സ്വിങ് ബൗളർമാരിൽ പെട്ടയാളാണ് ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സൺ. ആൻഡേഴ്സണു വേണ്ടിയും പനേസർ പന്തൊരുക്കിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലോടെ ആ വിശേഷണം കൂടിയാണ് സംശയത്തിൻ്റെ നിഴലിൽ വരുന്നത്. ആൻഡേഴ്സണും പനേസറും 2006 – 2013 കാലഘട്ടത്തില്‍ ഒരുമിച്ച് കളിച്ച താരങ്ങളാണ്.

ഇംഗ്ലണ്ടിനായി 50 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് മോണ്ടി പനേസര്‍. ​ഇന്ത്യൻ വംശജനായ പനേസർ 26 ഏകദിനനങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top