അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി നരേന്ദ്രമോദി; ഗുജറാത്തിൽ വൻ സ്വീകരണം

പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി നരേന്ദ്രമോദി ഗുജറാത്തിലെ വസതിയിലെത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി അമ്മ ഹീരാബെന്നിന്റെ കാൽ തൊട്ട് വന്ദിച്ചു. വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ തലയിൽ കൈവെച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്.
Prime Minister Narendra Modi meets his mother Heeraben Modi at her residence in Gandhinagar and seeks her blessings. #Gujarat pic.twitter.com/qWEwnJo1Y9
— ANI (@ANI) May 26, 2019
ഞായറാഴ്ച വൈകീട്ടോടെയാണ് മോദി സ്വന്തം വസതിയിലെത്തിയത്. രണ്ടാമതും പ്രധാനമന്ത്രിയാകുന്ന മോദിക്ക് ജൻമനാടായ ഗുജറാത്തിൽ വലിയ സ്വീകരണമാണ് ഇന്നൊരുക്കിയിരുന്നത്. ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയിരിക്കുന്നതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അഹമ്മദാബാദിൽ സംഘടിപ്പിച്ച റാലിയിൽ മോദി പറഞ്ഞു. ഗുജറാത്താണ് തന്നെ വളർത്തിയത്. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് താൻ ഇപ്പോൾ വന്നിരിക്കുന്നതെന്നും ഈ ജനങ്ങളുടെ അനുഗ്രഹം എനിക്ക് ഏറെ വിലപ്പെട്ടതാണെന്നും മോദി പറഞ്ഞു.
Read Also; രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്
കഴിഞ്ഞ ദിവസം സൂറത്തിലെ ട്യൂഷൻ സെന്ററിൽ തീ പിടുത്തത്തിൽ 23 പേർ മരിച്ച സംഭവത്തിൽ മോദി ദു:ഖം രേഖപ്പെടുത്തി. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അഹമ്മദാബാദിലെ പാർട്ടി ഓഫീസിലെത്തിയ മോദിയെ കാണാൻ വൻ ജനക്കൂട്ടമാണെത്തിയത്. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. തുടർന്നാണ് വൻ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ നരേന്ദ്രമോദി ഗാന്ധിനഗറിലെ സ്വന്തം വസതിയിലേക്ക് യാത്ര തിരിച്ചത്. മോദി എത്തുന്ന വിവരമറിഞ്ഞ് നിരവധി ആളുകൾ വീടിന് മുന്നിലും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here