സുകുമാരക്കുറുപ്പിന്റെ കഥയുമായി ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു; ദുൽഖർ പ്രധാന വേഷത്തിൽ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ച വിവരം അദ്ദേഹം പങ്കു വെച്ചത്. ദുൽഖർ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
അഞ്ചു വർഷത്തെ അധ്വാനം കൊണ്ടാണ് ഇതുവരെ എത്തിയതെന്ന് പറയുന്ന ശ്രീനാഥ് ദുൽഖർ സല്മാന് നന്ദി അറിയിക്കുന്നുണ്ട്. സിനിമയുടെ അണിയണ പ്രവർത്തകരെയും അഭിനേതാക്കളെയും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒപ്പം കുറുപ്പിൻ്റെ ഒരു ഫാൻ മേഡ് പോസ്റ്ററും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു.
പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷം കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിൻ്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ആര്ർക്കും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയാണ് സുകുമാരക്കുറുപ്പ്. പിന്നീട് ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പോലീസ് പിടികൂടിയിരുന്നു. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here