ശബരിമലയിലെ വഴിപാട് സ്വർണം നഷ്ടമായിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പത്മകുമാർ

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണം നഷ്ടമായിട്ടില്ലെന്നും ശബരിമല സ്‌ട്രോങ് റൂമിലെ സ്വർണത്തിന്റെ കണക്കുകൾ സംബന്ധിച്ച് പുറത്തുവന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇത്തരം വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് പിന്നാലെ മാധ്യമങ്ങൾ പോകരുതെന്നും പത്മകുമാർ പറഞ്ഞു.
ശബരിമല സ്‌ട്രോങ് റൂമിൽ പരിശോധന നടത്തിയതിൽ ഒരു കുറവും കണ്ടെത്തിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളിലെ സ്‌ട്രോങ് റൂമുകളും പരിശോധിക്കും. സ്വർണത്തിൽ കുറവുണ്ടായെന്ന വാർത്ത മറ്റ് സംസ്ഥാനങ്ങളിലെ വിശ്വാസികളിലും ആശങ്കയുണ്ടാക്കിയെന്നും ഇത് ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്നും പത്മകുമാർ പറഞ്ഞു.
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കിൽ കുറവുള്ളതായി നേരത്തെ ആരോപണമുയർന്നിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടോയെന്നറിയാൻ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം ഇന്ന് ശബരിമല സ്‌ട്രോങ് റൂം പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ പൊരുത്തക്കേടുകളില്ലെന്ന റിപ്പോർട്ട് ലഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here