താൻ സ്പീക്കർക്ക് നൽകിയ കത്തിലെ ഉള്ളടക്കം അറിയാതെയാണ് ചിലർ രംഗത്ത് വന്നിരിക്കുന്നതെന്ന് മോൻസ് ജോസഫ്
താൻ സ്പീക്കർക്ക് നൽകിയ കത്തിലെ ഉള്ളടക്കം അറിയാതെയാണ് ചിലർ അതിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് എംഎൽഎ മോൻസ് ജോസഫ്. പി.ജെ ജോസഫിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തുവെന്നല്ല കത്തിൽ പറഞ്ഞിരിക്കുന്നത്. കെ.എം മാണിയുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ അഭാവത്തിൽ സഭയിൽ കക്ഷി നേതാവിന്റെ ചുമതല വഹിച്ചിരുന്നത് ഡെപ്യൂട്ടി ലീഡർ തന്നെയാണ്.വസ്തുത അറിയാതെ വിഷയം വിവാദമാക്കിയത് ശരിയായില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. കെ.എം മാണി സ്വീകരിച്ചിരുന്ന അഭിപ്രായ സമന്വയത്തിന്റെ പാത നേതാക്കൾ പിന്തുടരണം. ഒഴിവ് വന്ന സ്ഥാനങ്ങൾ ഒന്നിച്ച് അഭിപ്രായ സമന്വയത്തിലൂടെ നികത്തണം. പാർട്ടിയെ ഇനിയൊരു ഭിന്നിപ്പിലേക്ക് കൊണ്ടു പേകാൻ പാടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
Read Also; കേരള കോൺഗ്രസിൽ പൊട്ടിത്തെറി; ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കരുതെന്ന് സ്പീക്കർക്ക് കത്ത്
നിയമസഭയിൽ പി.ജെ ജോസഫിനെ കെ.എം മാണിയുടെ പകരക്കാരനായി മുൻ നിരയിൽ ഇരുത്തണമെന്നാവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോൻസ് ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിനെ എതിർത്ത് പാർട്ടി വിപ്പും ജോസ് കെ മാണി പക്ഷക്കാരനുമായ റോഷി അഗസ്റ്റിൻ എംഎൽഎ മറ്റൊരു കത്തും സ്പീക്കർക്ക് നൽകി. നിയമസഭാ കക്ഷി നേതാവിനെ പാർട്ടി തെരഞ്ഞെടുത്തിട്ടില്ലെന്നും പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവായി പരിഗണിക്കരുതെന്നുമായിരുന്നു റോഷി അഗസ്റ്റിൻ എംഎൽഎ കത്തിൽ വ്യക്തമാക്കിയത്.
പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ലീഡറെ തെരഞ്ഞെടുക്കേണ്ടതാണെന്നും പാർലമെന്ററി പാർട്ടി ലീഡറെ നിശ്ചയിച്ച് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മോൻസ് ജോസഫിനെ വിമർശിച്ച് റോഷി അഗസ്റ്റിൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പാർട്ടിയിൽ കൂടിയാലോചന ഇല്ലാതെയാണ് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയതെന്നും ഇത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here