തിരുവനന്തപുരത്തെ ആര്‍എസ്എസ്സിന്റെ പരാജയം; ബൂത്ത് തലം മുതല്‍ കണക്കെടുപ്പ് ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേരിട്ട തോല്‍വി പഠിക്കാന്‍ ആര്‍എസ്എസ് രംഗത്ത്. മണ്ഡലത്തില്‍ ബൂത്ത് തലം മുതല്‍ കണക്കെടുപ്പ് ആരംഭിച്ചു. കേരളത്തിലെ തോല്‍വി ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ആര്‍എസ്എസിനുള്ളത്.
മികച്ച വിജയം പ്രതീക്ഷിച്ച സ്ഥലത്ത് തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങളറിയാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ കുമ്മനത്തിന്റെ തോല്‍വി വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ബൂത്ത് തലം മുതലുള്ള വോട്ടിന്റെ കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച പേജ് പ്രമുഖുമാരെ നേരിട്ട് കണ്ട് വിവരം തീരുമാനമുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബിജെപി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ സജീവമായിട്ടും ബിജെപിയുടെ ഭാഗത്ത് നിന്നും കൃത്യമായ ഏകോപനം ഉണ്ടായില്ല. ബിജെപി നേതാക്കള്‍ പ്രചാരണ രംഗത്ത് തന്ത്രപരമായ അകലം പാലിച്ചുവെന്നും വിമര്‍ശനമുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ആര്‍എസ്എസ് അമിത ഇടപെടല്‍ നടത്തിയത് തിരിച്ചടിക്ക് കാരണമായെന്ന വിമര്‍ശനമാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുള്ളത്.
തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ആര്‍എസ്എസ് പ്രചാരകന്‍മാര്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിച്ചു. ഒരു ഘട്ടത്തിലും കാര്യമായ കൂടിയാലോചനകള്‍ നടന്നില്ലെന്നും ബിജെപി നേതാക്കള്‍ പരാതിപ്പെട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് മേല്‍ കെട്ടിവയ്ക്കാന്‍ നീക്കം നടക്കുന്നതായും മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.