സംസ്ഥാനത്തെ നടുക്കിയ ദുരഭിമാനക്കൊല; കെവിൻ ജോസഫിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്

പ്രണയിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ചതിന് പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്. പിന്നാക്ക വിഭാഗത്തിൽ പെട്ടതിന്റെ പേരിലായിരുന്നു നീനുവിന്റെ ബന്ധുക്കൾ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കെവിന്റെ ഓർമ്മ ദിനമെത്തുന്നത്.
രണ്ടായിരത്തി പതിനെട്ട് മേയ് ഇരുപത്തിയേഴിനാണ് കെവിൻ കൊല്ലപ്പെടുന്നത്. മരണം വരെ തോരാത്ത കണ്ണുനീരാണ് ഇവർക്ക് ആ ഓർമകൾ. വീടിനുള്ളിലും പുറത്തിറങ്ങിയാലും കെവിന്റെ മുഖം മാത്രമാണ് കുടുംബാംഗങ്ങളുടെ മനസ്സിൽ. സദാസമയവും പ്രാർത്ഥനകൾ മാത്രം. മകനെ ജീവനു തുല്യം സ്‌നേഹിച്ച പെൺകുട്ടി മകനോളം തന്നെ കരുതലും പിന്തുണയുമായി ഒപ്പമുള്ളതാണ് ഈ മാതാപിതാക്കളുടെ ഏക ആശ്വാസം.
പഠന ആവശ്യത്തിനായി ഹോസ്റ്റലിലുള്ള നീനു പ്രത്യേക പ്രാർത്ഥനയ്ക്കായി ഇന്ന് വീട്ടിലെത്തും. കേസിന്റെ വിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അന്തിമ ഘട്ടത്തിലാണ്. കെവിന് നീതി ലഭിക്കുന്ന ദിവസത്തിനായാണ് ഈ കുടുംബത്തിന്റെ കാത്തിരിപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here