ഒന്നു മുതൽ പ്ലസ് ടു വരെ ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; പ്രതിപക്ഷ അധ്യാപകർ സമരത്തിന്

ഒന്നു മുതൽ പ്ലസ്ടു വരെ ഒരു ഡയറക്ടറേറ്റിനു കീഴിൽ ആക്കാനുള്ള ശുപാർശ നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും.ലയന നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. അക്കാദമിക് മേന്മ ലക്ഷ്യമിട്ടുള്ള ഭരണപരമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്നും സമരമല്ല സഹകരണമാണ് വേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളോട് ആവശ്യപ്പെട്ടു.
ഹൈസ്‌കൂൾ -ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഏകീകരണം എല്ലാ വിഭാഗം അധ്യാപക സംഘടനകളുടെയും പിന്തുണയോടെ നടപ്പാക്കാനുളള സർക്കാർ നീക്കമാണ് പരാജയപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പെട്ടെന്നുള്ള ഏകീകരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യോഗത്തിൽ ഇത് അംഗീകരിച്ചില്ല. ഈ അധ്യയന വർഷം തന്നെ ഡിപിഐ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കും. നാളെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ ഉത്തരവിറക്കാനാണ് തീരുമാനം.
പരീക്ഷാ ചുമതലകളും ഏകീകരിച്ച ബോർഡിന്റെ കീഴിലാകും. ഹയർ സെക്കന്ററി പ്രിൻസിപ്പൽ സ്‌കൂൾ മേധാവിയാകുമ്പോൾ ഹെഡ്മാസറ്റർ വൈസ് പ്രിൻസിപ്പലാകും. നിയമനം, ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിലായിരുന്നു ഒരു വിഭാഗം അധ്യാപകരുടെ ആശങ്ക. അധ്യാപകരുടെ ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടമാകില്ലെന്ന് യോഗത്തിൽ വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി. എന്നാൽ ലയനം നടപ്പാക്കി ഉത്തരവിറങ്ങിയാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് കോൺഗ്രസ്് അനുകൂല പ്രതിപക്ഷ അധ്യാപക സംഘടനകളുടെ മുന്നറിയിപ്പ്.
ജീവൻ ബാബുവിനെ പുതിയതായി രൂപീകരിക്കുന്ന ഡയറക്ടറേറ്റിന്റെ മേധാവിയാക്കാനാണ് തീരുമാനം. റിപ്പോർട്ട് നടപ്പാക്കുന്നതിനെ കുറിച്ച് മാനേജ്‌മെന്റ് പ്രതിനിധികളുമായും വിദ്യാർത്ഥി സംഘടനകളുമായും വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here