സൂസൈരാജും സഹോദരനും എടികെയിൽ; പണം വാരിയെറിഞ്ഞ് മുൻ ചാമ്പ്യന്മാർ

കഴിഞ്ഞ സീസണിലെ ദയനീയ പരാജയം മറികടക്കാൻ പണം വാരിയെറിഞ്ഞ് എടികെ. മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിനെ ഈസ്റ്റ് ബംഗാളിൽ നിന്നും റാഞ്ചിയ മുൻ ചാമ്പ്യന്മാർ രണ്ട് മികച്ച സൈനിംഗുകൾ കൂടി നടത്തി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച മൈക്കൽ സൂസൈരാജും ചെന്നൈ സിറ്റി എഫ്സിയുടെ താരവും സഹോദരനുമായ മൈക്കൽ റെഗിനുമാണ് വരും സീസണിൽ എടികെ ജേഴ്സി അണിയുക.
കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ താരമാണ് മൈകൽ സൂസൈരാജ്. ഐലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്സിയിൽ നിന്ന് ജംഷഡ്പൂരിലേക്കെത്തിയ മൈക്കൽ കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനു വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും നേടിയിരുന്നു. മൈക്കലിൻ്റെ സഹോദരൻ റെഗിനും ചെന്നൈ സിറ്റി എഫ്സിയിൽ നിന്നാണ് എടികെയിലേക്കെത്തുന്നത്. 5 വർഷത്തെ നീണ്ട കരാറാണ് സൂസൈരാജിന് എടികെ നൽകിയിരിക്കുന്നത്.
സൂസൈരാജിൻ്റെ മുതിർന്ന സഹോദരനായ റെഗിൻ ഇക്കൊല്ലത്തെ ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്കു വേണ്ടിയാണ് കളിച്ചത്. ക്ലബിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഈ 31കാരന് 2 കൊല്ലത്തെ കരാറാണ് ജംഷഡ്പൂർ നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here