‘രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയെ നേരിടാനുള്ള പ്രായം ആയില്ല; മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും’ : രജനികാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കുമെന്ന് അറിയിച്ച് രജനികാന്ത്. ജവഹർലാൽ നെഹ്രുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും സ്വാധീനമുള്ള നേതാവാണ് മോദിയെന്നും രജനികാന്ത് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിയുടെ വിജയമല്ല, മറിച്ച് മോദിയുടെ വിജയമാണെന്നും രജനികാന്ത് പറഞ്ഞു.
രാഹുൽ ഗാന്ധി രാജിവെക്കേണ്ടതില്ലെന്നും, അദ്ദേഹം ചെറുപ്പമാണെന്നും പറഞ്ഞ രജനികാന്ത്, നരേന്ദ്ര മോദിയെ നേരിടാനുള്ള പ്രായം രാഹുലിന് ആയില്ലെന്നും അഭിപ്രായപ്പെട്ടു.
ഗോദാവരി-പെന്നാർ-കാവേരി നദികൾ ബന്ധിപ്പിക്കുന്ന നിതിൻ ഗഡ്കരിയുടെ നടപടിയേയും രജനികാന്ത് സ്വാഗതം ചെയ്തു. കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ നടപടി തമിഴ്‌നാട്ടിലേക്ക് വെള്ളമെത്തിക്കുക എന്നതായിരിക്കുമെന്ന് നിതിൻ ഗഡ്ക്കരി പറഞ്ഞതായി റിപ്പോർട്ടുണ്ട്.
മെയ് 30നാണ് നരേന്ദ്ര മോദി രണ്ടാംവട്ടവും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്നത്. അഞ്ച് വർഷം ഭരണകാലാവധി പൂർത്തീകരിച്ച ശേഷം തൊട്ടടുത്ത വർഷം തന്നെ ഭരണത്തുടർച്ച ലഭിച്ച് അധികാരത്തിലെത്തുന്ന ആദ്യ ബിജെപി നേതാവാണ് മോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here