Advertisement

2011 ലോകകപ്പ്; ക്യാൻസർ എന്ന യോർക്കറിനെയും കീഴടക്കിയ യുവിയുടെ ലോകകപ്പ്

May 28, 2019
0 minutes Read

2011 ലോകകപ്പില്‍ നീലപ്പട ഇറങ്ങിയത് ക്രിക്കറ്റ് ദൈവത്തെ വിശ്വ കിരീടത്തോടെ മൈതാനത്ത് നിന്നും യാത്രയാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടായിരുന്നു. പതിനൊന്നും പേരും പോരാടിയത് ഇരുപത്തിനാലു വർഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റി നടന്ന സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍ എന്ന മഹാപ്രതിഭക്ക് വേണ്ടി. അതുകൊണ്ട് തന്നെയാണ് മരണത്തെ മുഖാമുഖം കണ്ടിട്ടും യുവരാജ് സിങ് എന്ന മനുഷ്യന്‍ കളി തുടര്‍ന്നത്. ക്യാന്‍സര്‍ എന്ന യോര്‍ക്കര്‍ തന്നെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി ഔട്ട് ആക്കുമെന്ന് അറിഞ്ഞിട്ടും അയാള്‍ കീഴടങ്ങാൻ തയ്യാറായില്ല.

2011ല്‍ ധോണിയും സംഘവും ഉയര്‍ത്തിയ ലോകകപ്പ് യുവരാജ് സിങ് എന്ന പോരാളിയുടെ അധ്വാനമാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഒന്‍പത് മത്സരങ്ങളില്‍ നിന്നും യുവി നേടിയത് അഞ്ചു അര്‍ധസെഞ്ചുറികൾ ഉള്‍പ്പടെ 362 റണ്‍സ്. തീര്‍ന്നില്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ ക്യാപ്റ്റന്‍ കൂള്‍ പന്തേല്‍പ്പിച്ചത് ഈ പഞ്ചാബുകാരന്റെ കൈകളിലാണ്. ടീമിലെ തന്റെ ഉത്തരവാദിത്വത്തം ബാറ്റില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അയാള്‍ തെളിയിച്ചു. ആ മാന്ത്രിക വിരലുകള്‍കൊണ്ട് അയാള്‍ പിഴുതത് പതിനഞ്ചു വിക്കറ്റുകള്‍. ഒരു ഓള്‍ റൗണ്ടര്‍ എന്നതിന് ഇതിലും മികച്ചൊരു ഉദാഹരണം എന്താണ് വേണ്ടതെന്ന് ക്രിക്കറ്റ് ലോകം ഒരേ ശബ്ദത്തില്‍ ചോദിച്ചു. ലോകകപ്പിലെ മറ്റു ടീമുകളുമായുള്ള ഇന്ത്യയുടെ വ്യത്യാസമായിരുന്നു യുവരാജ് സിങ് എന്ന പഞ്ചാബുകാരന്‍.

ക്യാന്‍സര്‍ എന്ന രോഗം യുവിയെ പിടികൂടി എന്ന് പുറംലോകം അറിഞ്ഞത് ഇന്‍ഡീസിനെതിരായുള്ള മത്സരത്തിലാണ്. ഇടക്ക് അയാള്‍ മൈതാനത്തു രക്തം ശര്‍ദ്ദിച്ചു. അമ്പയര്‍ സൈമണ്‍ ടൗഫെല്‍ യുവിയോട് പവിലിയനിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ താന്‍ നിലത്തു വീഴുന്നതുവരെ മൈതാനം വിട്ടു പോകില്ലെന്നായിരുന്നു യുവി നല്‍കിയ മറുപടി. അത് ക്യാന്‍സര്‍ എന്ന യോര്‍ക്കറിന് കൂടിയുള്ള മറുപടിയായിരുന്നു. തന്റെശരീരം വിശ്രമം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അതിനു തയ്യാറായില്ല. ഇരുപത്തിനാലു വര്‍ഷം വിശ്രമമില്ലാതെ പോരാടിയ ക്രിക്കറ്റ് ദൈവത്തിന്റ സന്തോഷം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.ലോകകപ്പിന് ശേഷം സച്ചിന്‍ നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ മുൻനിരയിലായിരുന്നു യുവിയുടെ സ്ഥാനം.

2019 ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണെങ്കിലും യുവരാജ് സിംഗ് എന്ന താരത്തിന്റെ വിടവ് നികത്താന്‍ പറ്റിയൊരു താരത്തെ ഇന്ത്യ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top