അവിവാഹിതരായ സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും സന്തോഷവതികളെന്ന് പഠനം

അവിവാഹിതരും കുട്ടികൾ ഇല്ലാത്തതുമായ സ്ത്രീകളാണ് ലോകത്തിലേറ്റവുമധികം സന്തോഷം അനുഭവിക്കുന്നതെന്ന് പഠനം. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാൾ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാകുമെന്നും പഠനം സൂചിപ്പിക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളനാണ് പഠനം അവതരിപ്പിച്ചത്.

പരമ്പരാഗത സങ്കല്‍പ്പമനുസരിച്ച് വിവാഹവും, കുട്ടികളെ വളര്‍ത്തലുമാണ് ജീവിത വളര്‍ച്ചയുടെ മാനദണ്ഡമായി പലരും കണക്കാക്കുന്നത്. എന്നാല്‍, പരമ്പരാഗതമായി വിജയത്തെ അളക്കാനുപയോഗിക്കുന്ന അളവുകോലുകള്‍ സന്തോഷത്തെ അളക്കാന്‍ പ്രാപ്തമല്ലെന്നാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായം. വിവാഹിതരായ സ്ത്രീകളുടെ സന്തോഷം പലപ്പോഴും കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകളിലും കിടപ്പറയിലും മാത്രം ഒതുങ്ങാറാണ് പതിവെന്നും അദ്ദേഹം പറയുന്നു.

പലപ്പോഴും വിവാഹത്തില്‍ പുരുഷന്മാരാണ് കൂടുതൽ നേട്ടം അനുഭവിക്കുന്നത്. വിവാഹിതരായ പുരുഷന്മാര്‍ ജീവിതത്തില്‍ വളരെ കുറച്ചു റിസ്ക്‌ മാത്രമേ എടുക്കുന്നുള്ളൂ. അവര്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരം ഉണ്ടാകും. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹം കഴിക്കുന്ന സ്ത്രീകൾ വിവാഹിതരാകാത്തവരേക്കാള്‍ വേഗത്തില്‍ മരിക്കുന്നു. വിവാഹിതരായ വ്യക്തികള്‍ പങ്കാളികളുടെ സാന്നിധ്യത്തിൽ മാത്രമാണ് സന്തുഷ്ടരായി കാണപ്പെടുന്നതെന്നും, വിവാഹിതരല്ലാത്തവര്‍ തങ്ങളുടെ കാമുകനോ കാമുകിയോ കൂടെയില്ലാത്തപ്പോഴും സന്തോഷമനുഭവിക്കുന്നവരാണെന്നും പഠനം പറയുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top