പിടിമുറുക്കി പി.ജെ വിഭാഗം; കേരള കോൺഗ്രസ് ചെയർമാന്റെ ചുമതല പി.ജെ ജോസഫിനെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

കേരള കോൺഗ്രസിലെ അധികാരത്തർക്കത്തിൽ പിടിമുറുക്കി പി.ജെ ജോസഫ് വിഭാഗം. ജോസഫിനാണ് പാർട്ടി ചെയർമാന്റെ ചുമതലയെന്ന് കാട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്ത് അധികാരം പിടിക്കാനുള്ള ജോസ് കെ മാണി പക്ഷത്തിന്റെ നീക്കത്തിനിടെയാണ് ജോസഫിനു വേണ്ടി ജോയ് എബ്രഹാം കത്ത് നൽകിയത്.കഴിഞ്ഞ ദിവസം നിയമസഭയ്ക്കുള്ളിൽ നടത്തിയ നീക്കങ്ങളിലൂടെ മുന്നിട്ടു നിൽക്കുന്ന ജോസഫ് വിഭാഗം പാർട്ടിയിലും പിടിമുറുക്കുന്നതിന്റെ സൂചനകളാണ് പുതിയ നീക്കം.
കെ.എം മാണിയുടെ വിയോഗത്തെ തുടർന്ന് ചെയർമാൻ ചുമതല പി.ജെ ജോസഫിന് കൈമാറിയെന്ന് വ്യക്തമാക്കുന്ന കത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് പറഞ്ഞു.പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷമുണ്ടെന്നാണ് ജോസഫിന്റെ അവകാശവാദം. താൽക്കാലിക ചെയർമാനെതിരായ നീക്കങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള അധികാരവും ഉണ്ടെന്ന് ജോസഫ് അനുകൂലികൾ വ്യക്തമാക്കുന്നു. എന്നാൽ ജോയ് എബ്രഹാമിന്റെ കത്തിനെ കുറിച്ച് പി.ജെ ജോസഫ് പ്രതികരിച്ചില്ല.
ജോസഫ് വിഭാഗത്തിന്റെ നീക്കം പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. സംസ്ഥാന കമ്മറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്താതെ കത്ത് നൽകാനാവില്ല. എന്നാൽ ജോസഫ് പക്ഷത്തെ കടന്നാക്രമിച്ച് അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തേണ്ടെന്ന തീരുമാനത്തിലാണ് മാണി പക്ഷം. പി.ജെ ജോസഫ് ചെയർമാനും, ജോസ് കെ മാണി വർക്കിംഗ് ചെയർമാനുമായുള്ള ഫോർമുലയ്ക്കായാണ് പി.ജെ ജോസഫ് വാദിക്കുന്നത്. എന്നാൽ ഇതംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായിട്ടില്ല. ജൂൺ ഒൻപതിന് മുമ്പ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനു മുമ്പ് സമവായം ഉണ്ടാക്കാനായില്ലെങ്കിൽ മുതിർന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കി രംഗത്തിറങ്ങാനാണ് ജോസഫിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here