കേരള കോൺഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമെന്ന് പി ജെ ജോസഫ്

കേരള കോൺഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമെന്ന് പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുണ്ട്. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയ്ക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടും. നടപടി അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരിക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയും മാണി വിഭാഗക്കാരനുമായ ബി മനോജാണ് ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചത്. പാർട്ടിയുടെ നിയമാവലി അനുസരിച്ചല്ല നിലവിൽ ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും, തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ പരിപാടിയിൽ മറ്റ് നടപടികളിലേക്ക് കടക്കരുതെന്നുമായിരുന്നു ഹർജി.
ഹർജിയിലെ വാദങ്ങൾ അംഗീകരിച്ച കോടതി അനുസ്മരണമല്ലാതെ മറ്റു നടപടികൾ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചു. ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ പരസ്യമായി രംഗത്ത് വന്നതിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരിന്നു. ഇതിന് പിന്നാലെ ജോസഫിന് ചെയർമാന്റെ ചുമതല നൽകി ജനറൽ സെക്രട്ടറി ജോയ് എബ്രഹാം സർക്കുലറുമിറക്കി. അതിനിടെയാണ് ജോസഫിന്റെ ചെയർമാൻ സ്ഥാനം ചോദ്യം ചെയ്ത് ജോസ് കെ മാണി വിഭാഗം രംഗത്ത് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here