രാജിയിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറണമെന്ന് ആവശ്യം; പ്രവർത്തകർ രാജ്യവ്യാപക പ്രകടനം നടത്തും

രാജിവക്കാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിൻമാറണമെന്നാവശ്യപെട്ട് പ്രവർത്തകർ രാജ്യവ്യാപക പ്രകടനം നടത്തും. പിസിസി, ഡിസിസി ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങൾ നടത്താനാണു നേതാക്കൾ നിർദേശം നൽകിയിരിക്കുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ. ജൂൺ ഒന്നിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. യു പി എ ഘടക കക്ഷി നേതാക്കൾ രാഹുലുമായി കൂടിക്കാഴ്ച നടത്തിയേക്കും.
നേതാക്കളുടെ അനുനയ ശ്രമങ്ങൾക്ക് രാഹുൽ ഗാന്ധി ചെവി കൊടുക്കാത്ത പശ്ചാത്തലത്തിൽ രാജ്യമെമ്പാടുമുള്ള പ്രവർത്തകരെ അണിനിരത്തി രാജിയിൽ നിന്ന് പിൻ തിരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ സംസ്ഥാന ഘടകങ്ങളോടും പ്രകടനങ്ങൾ സംഘടിപ്പിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്റെ ഡൽഹിയിലെ വസതിക്ക് മുന്നിൽ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
Read Also : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണം; പാണക്കാട് ഹൈദരലി ശിഖാബ് തങ്ങൾ കത്തയച്ചു
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാണ് രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നത്. നേതാക്കളുമായി കൂടിക്കാഴ്ചകൾക്ക് പോലും രാഹുൽ തയ്യാറായിട്ടില്ല. രാഹുലിനെ പിന്തിരിപ്പിക്കാൻ നേതാക്കളും പ്രവര്‍ത്തകരും സമ്മർദ്ദം ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. പ്രവർത്തക സമിതിയും പിസിസികളും പുനസംഘടിപ്പിക്കണം, നിർണായക പദവികളിരിക്കുന്നവർക്ക് പ്രായ പരിധി നിശ്ചയിക്കണം, തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തണമെന്നും അതിൽ ദീർഘ ദൂര ട്രെയിൻ യാത്രയും ഉൾക്കൊള്ളിക്കണമെന്ന നിർദേശങ്ങളും ഉണ്ട്. കർണാടക മുഖ്യമന്ത്രി എച് ഡി കുമാര സ്വാമിയെ പോലുള്ള ഘടക കക്ഷി നേതാക്കൾ രാഹുലുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here