തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം വിലയിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്; ശബരിമല ബാധിച്ചോ എന്ന് പരിശോധിക്കും

തെരഞ്ഞെടുപ്പ് തോൽവിയിൽ ഇഴകീറിയുള്ള പരിശോധനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവർ സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നു. തെരഞ്ഞടുപ്പിലെ കനത്ത തോൽവി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സെക്രട്ടറിയേറ്റ് തയ്യാറാക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ ഈ റിപ്പോർട്ട് അവതരിപ്പിക്കും.
ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രചരണം യുഡിഎഫിന് അനുകൂലമായി, വിശ്വാസികളിൽ ഒരു വിഭാഗം തെറ്റിധരിക്കപ്പെട്ടു തുടങ്ങിയ കാരണങ്ങളാണ് കനത്തതോൽവിയിലേക്ക് നയിച്ചതെന്നാണ്സിപിഐഎം പ്രാഥമികമായി വിലയിരുത്തിയത്.പാർട്ടി കേന്ദ്രങ്ങളിലടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കുന്നതിനായി ബൂത്തുതലം വരെയുള്ള റിപ്പോർട്ട് സംസ്ഥന നേതൃത്വം ആവശ്യപ്പെട്ടിരിന്നു.
ഇത് പരിശോധിച്ച്ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന നേതൃയോഗങ്ങൾ വിശദമായി വിലയിരുത്തും. എന്നാൽ ശബരിമല പരാമർശിക്കാതെ, വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന മുൻ വിശദീകരണം സിപിഐഎംതുടരാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here