ദക്ഷിണാഫ്രിക്ക 207 നു പുറത്ത്; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. 104 റൺസിനാണ് ലോകത്തിലെ ഒന്നാം നമ്പർ ടീം ജയം കുറിച്ചത്. 68 റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. 3 വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് ഇംഗണ്ടിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.
നാലാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്രയുടെ വേഗമേറിയ ബൗൺസർ ഹെൽമറ്റിലിടിച്ചതിനെത്തുടർന്ന് അംല ക്രീസ് വിടുമ്പോൾ സ്കോർ ബോർഡിൽ 14 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. അംലക്ക് പിന്നാലെ ക്രീസിലെത്തിയ എയ്ഡൻ മാർക്രം എട്ടാം ഓവറിൽ പുറത്തായി. 11 റൺസെടുത്ത മാർക്രമിനെ സ്ലിപ്പിൽ ജോ റൂട്ടിൻ്റെ കൈകളിലെത്തിച്ച ആർച്ചർ തൻ്റെ ആദ്യ ലോകകപ്പ് വിക്കറ്റും സ്വന്തമാക്കി. 10ആം ഓവറിൽ ആർച്ചർ തൻ്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. 5 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെ മൊയീൻ അലിയുടെ കൈകളിലെത്തിച്ചാണ് ജോഫ്ര ഇംഗ്ലണ്ടിന് രണ്ടാം ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്.
തുടർന്ന് വാൻ ഡർ ഡസ്സനും ക്വിൻ്റൺ ഡികോക്കും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 85 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ താങ്ങി നിർത്തിയത്. ഇരുവരും അർദ്ധസെഞ്ചുറി നേടി. 23ആം ഓവറിൽ 68 റൺസെടുത്ത ഡികോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയതോടെയാണ് ആ കൂട്ടുകെട്ട് പൊളിഞ്ഞത്. 26ആം ഓവറിൽ 8 റൺസ് മാത്രമെടുത്ത ഡുമിനിയെ മൊയീൻ അലി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ഡ്വെയിൻ പ്രെട്ടോറിയസ് റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക തകർന്നു. 32ആം ഓവറിൽ അർദ്ധസെഞ്ചുറി അടിച്ചതിനു തൊട്ടു പിന്നാലെ ഡസ്സനെ പുറത്താക്കിയ ആർച്ചർ തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
തുടർന്ന് പരിക്കേറ്റ് മടങ്ങിയ അംല വീണ്ടും ക്രീസിലെത്തി. 35ആം ഓവറിലെ ആദ്യ പന്തിൽ പെഹ്‌ലുക്ക്‌വായോയെ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയ ബെൻ സ്റ്റോക്സ് ആദിൽ റഷീദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 39ആം ഓവറിൽ ലിയാം പ്ലങ്കറ്റിനു വിക്കറ്റ് സമ്മാനിച്ച് 13 റൺസെടുത്ത അംലയും പുറത്തായതോടെ എത്ര റൺസിന് ആതിഥേയർ ജയിക്കും എന്ന ചോദ്യം മാത്രം ബാക്കിയായി. ഒടുവിൽ 40ആം ഓവറിലെ അടുത്തടുത്ത പന്തുകളിൽ റബാഡയെയും താഹിറിനെയും പുറത്താക്കിയ സ്റ്റോക്സ് ഇംഗ്ലണ്ടിന് കൂറ്റൻ ജയം സമ്മാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ജോഫ്രക്കൊപ്പം രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ബെൻ സ്റ്റോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവരും ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങി.
നേരത്തെ നാല് അർദ്ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 89 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റെടുത്ത ലുങ്കി എങ്കിഡിയാണ് തിളങ്ങിയത്. ജോ റൂട്ട്, ജേസൻ റോയ്, ഓയിൻ മോർഗൻ എന്നിവരും അർദ്ധസെഞ്ചുറികൾ നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here