നിയുക്ത മന്ത്രിമാരുമായി നാലരയ്ക്ക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച; കുമ്മനം ഡൽഹിയിൽ
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. വൈകീട്ട് എഴ് മണിക്കാണ് രാഷ്ട്രപതി ഭവനിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായ പ്രധാന നേതാക്കളെല്ലാം അതേ വകുപ്പിൽ തന്നെ തുടരുമെന്നാണ് സൂചനകൾ. നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ,രാജ്‌നാഥ് സിങ് തുടങ്ങിയവരെല്ലാം മാറ്റമില്ലാതെ തുടരുമെന്നാണ് വിവരം. അതേ സമയം നിയുക്തമന്ത്രിമാരുമായി വൈകീട്ട് നാലരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ലോക്‌സഭാംഗം സന്തോഷ് ഗാങ്‌വർ പ്രൊടേം സ്പീക്കറാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തന്നെ തുടരും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചനകൾ. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ പാർട്ടി ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഡൽഹിയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയെ ചോദിക്കാൻ കേരളത്തിന് ധാർമ്മികതയില്ലെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിളള രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here