ശബരിമല വിഷയം ശക്തി കേന്ദ്രങ്ങളിൽ വോട്ടു ചോർച്ചയുണ്ടാക്കിയെന്ന സിപിഐഎം സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വെക്കും

ശബരിമല ഉയർത്തിക്കാട്ടി യുഡിഎഫും ബിജെപിയും നടത്തിയ പ്രചരണം ശക്തി കേന്ദ്രങ്ങളിൽ വോട്ടു ചോർച്ചയുണ്ടാക്കിയെന്ന സിപിഐഎം സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വെക്കും. പത്തനംതിട്ടയിൽ ശബരിമല തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ലെങ്കിലും മറ്റു തെക്കൻ മണ്ഡലങ്ങളിൽ വിശ്വാസികൾ എതിരായെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ശക്തികേന്ദ്രമായ പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കാൻ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര നേതാക്കളും പങ്കെടുത്തുകൊണ്ട് കൂടുന്ന സംസ്ഥാന കമ്മിറ്റി നാളെയും തുടരും.
തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാനാണ് സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ പുരോഗമിക്കുന്നത്. തോൽവിക്ക് ശബരിമല ഒരു കാരണമായെന്ന് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റിപ്പോർട്ട് ചെയ്തു. ന്യൂനപക്ഷ ഏകീകരണത്തിനൊപ്പം ശബരിമല വിഷയത്തിൽ വിശ്വാസികൾ തെറ്റദ്ധരിക്കപ്പെട്ടുവെന്നും അത് മറികടക്കാൻ ഇടത് മുന്നണിയുടെ പ്രചാരണത്തിനായില്ലെന്നും സെക്രട്ടറിയേറ്റിൽ കേന്ദ്രനേതൃത്വം വിശദീകരിച്ചു.
Read Also : തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് ശബരിമല വിഷയം തന്നെയെന്ന് സിപിഎം
ലോക്‌സഭാ മണ്ഡലങ്ങളുടെ ചാർജുള്ള സെക്രട്ടറിയേറ്റ് അംഗങ്ങൾ അതാത് മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ട് സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചു. ശബരിമല വിഷയത്തിൽ എതിർ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ പത്തനംതിട്ടയിൽ സാധിച്ചു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് ഇതിനു തെളിവായി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മറ്റു തെക്കൻ മണ്ഡലങ്ങളിൽ ഇതിനു കഴിഞ്ഞില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. വടകരയിൽ ന്യൂനപക്ഷവോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന് പോയെന്നാണ് കണ്ടെത്തൽ.
ശക്തി കേന്ദ്രമായ പാലക്കാട്ട് എംബി രാജേഷിന്റെ തോൽവിയിൽ സിപിഐഎം അന്വേഷണ കമ്മീഷനെ വയ്ക്കാൻ സാധ്യതയുണ്ട്. കോങ്ങാട്, മണ്ണാർകാട് മണ്ഡലങ്ങളിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്നാവശ്വപ്പെട്ട് നേതൃത്വത്തിന് പരാതി ലഭിച്ചതായാണ് വിവരം. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാത്രി വൈകിയാണ് അവസാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here