Advertisement

വി മുരളീധരന് പകരം കെ മുരളീധരൻ; രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

May 31, 2019
Google News 1 minute Read

നരേന്ദ്ര മോദി മന്ത്രിസഭയിൽ ഇടം നേടിയ വി മുരളീധരന് പകരം വടകരയിലെ നിയുക്ത എം പി കെ മുരളീധരന്റെ ചിത്രം നൽകി രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസ്. കേരള ബിജെപി പ്രസിഡന്റ് വി മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ മന്ത്രിസഭയിലേക്ക് എന്നായിരുന്നു ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലെ ട്വീറ്റ്. ഇതോടൊപ്പമാണ് കെ മുരളീധരന്റെ ചിത്രം നൽകിയത്.

പോസ്റ്റിനെ പരിഹസിച്ച് നിരവധി പേർ രംഗത്തതെത്തിയതോടെയാണ് തങ്ങൾക്ക് പറ്റിയ കൈയബദ്ധം ഐഎഎൻഎസ് തിരിച്ചറിഞ്ഞത്. സ്വതന്ത്ര ന്യൂസ് ഏജൻസിയെന്ന അവരുടെ സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് മിക്കവരും പരിഹാസം ചൊരിഞ്ഞത്. കെ മുരളീധരൻ വടകര എംപിയാണെന്ന് പറഞ്ഞ് വാർത്താ ഏജൻസിയെ തിരുത്തിയവരുണ്ട്. ‘ഇങ്ങേരും മറു കണ്ടം ചാടിയോ’ എന്ന ചോദ്യം ഉന്നയിച്ച് പരിഹസിച്ചവരേയും കാണാം.

കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്നും വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇതോടെ കുമ്മനവും കണ്ണന്താനവും പുറത്താകുകയായിരുന്നു.

എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി മുരളീധരൻ പിന്നീട് ബിജെപി ചുമതലകളിലേക്കെത്തുകയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. കുറേക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. തലശ്ശേരി എരഞ്ഞോളിയാണ് വി മുരളീധരന്റെ ജൻമദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here