വി.മുരളീധരൻ മന്ത്രിയായതിന്റെ ആഘോഷ ചടങ്ങിൽ നിന്നും വിട്ടുനിന്ന് കൃഷ്ണദാസ് പക്ഷ നേതാക്കൾ

വി.മുരളീധരൻ മന്ത്രിയായതിന്റെ ആഘോഷ ചടങ്ങിൽ നിന്നും വിട്ടുനിന്ന് കൃഷ്ണദാസ് പക്ഷ നേതാക്കൾ. തലസ്ഥാനത്തുണ്ടായിട്ടും പലരും സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തില്ല. പരിപാടി സംഘടിപ്പിക്കാതിരിക്കാൻ ഇടപെടലുകൾ നടന്നതായും ആക്ഷേപമുണ്ട്.
മോദിയുടെ സത്യപ്രതിജ്ഞയുടെ ആഹ്‌ളാദ പ്രകടനത്തിന് ശേഷമാണ് കേരളത്തിൽ നിന്നും വി.മുരളീധരൻ കേന്ദ്രമന്ത്രിയായതിന്റെ ആഘാഷം നിശ്ചയിച്ചിരുന്നത്. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനപ്പെട്ട നേതാക്കൾ ആരും പങ്കെടുത്തില്ല. തലസ്ഥാനതുണ്ടായിരുന്നവർ പോലും പിൻവലിഞ്ഞു നിന്നുവെന്നാണ് ആക്ഷേപം. ആഹ്‌ളാദ പ്രകടനത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷും മുരളീധരന്റെ സ്ഥാനലബ്ധി ആഘോഷിക്കാൻ നിൽക്കാതെ പിൻമാറി. പരിപാടി സംഘടിപ്പിക്കുന്നത് ആരൊക്കെയെന്ന് നിരീക്ഷിക്കാൻ ആളെ നിയോഗിച്ചു.
ആഘോഷം നടത്താതിരിക്കാൻ മുതിർന്ന നേതാക്കൾ ഇടപെടൽ നടത്തിയെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുരളീധരപക്ഷ നേതാക്കൾ വ്യക്തമാക്കി.
അതേസമയം കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതോടെ കൂടുതൽ കരുത്തരായ മുരളീധര പക്ഷം സംസ്ഥാന നേതൃത്വത്തിൽ പുനഃസംഘടനയ്ക്ക് നീക്കമാരംഭിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെ മുൻനിർത്തിയാണ് കരുനീക്കം. പ്രവർത്തകർക്കും ആർഎസ്എസിനിടയിലും നിലവിലുള്ള സ്വീകാര്യത സുരേന്ദ്രന് അനുകൂല ഘടകമാണ്. രണ്ട് വട്ടം അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച ശേഷം കപ്പിനും ചുണ്ടിനുമിടയിൽ സുരേന്ദ്രന് നേരത്തെ സ്ഥാനം നഷ്ടമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here