മുംബൈ സിറ്റി ഇനി സിറ്റി ഗ്രൂപ്പിനു സ്വന്തം; ഡേവിഡ് വിയ്യ ടീമിലെത്തിയേക്കും

ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും പുത്തനുണർവായി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഇന്ത്യയിലേക്ക്. മുംബൈ സിറ്റി എഫ്സിയെ ഏറ്റെടുത്തു കൊണ്ടാണ് സിറ്റി ഗ്രൂപ്പ് ഇന്ത്യയിൽ ചുവടു വെയ്ക്കുക. മാർകീ താരമായി മുൻ സ്പാനിഷ് ദേശീയ താരവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ടീമിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എഫ്സി, സ്പാനിഷ് ക്ലബ് ജിറോണ എഫ്സി എന്നിങ്ങനെ നിരവധി ക്ലബുകളാണ് നിലവിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിനുള്ളത്. ആ പട്ടികയിലേക്കാണ് മുംബൈ സിറ്റി എഫ്സിയും ചേരാനൊരുങ്ങുന്നത്. നേരത്തെ തന്നെ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഇന്ത്യയിൽ നിക്ഷേപം നടത്തിയേക്കാമെന്ന വാർത്തകൾ വന്നിരുന്നു.
ഏകദേശം 250 കോടി രൂപയ്ക്കാണ് ക്ലബിൻ്റെ ഉടമസ്ഥാവകാശം സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുംബൈ സിറ്റി എഫ്സി ക്ലബ് വിൽക്കാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇത് ഇപ്പോൾ അവസാന ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സിറ്റി ഗ്രൂപ്പ് ക്ലബ് ഏറ്റെടുത്താൽ ഡേവിഡ് വിയ്യയും ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ ജപ്പാനീസ് ക്ലബായ വിസെൽ കൊബെയിൽ ആണ് വിയ്യ കളിക്കുന്നത്. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ എന്നീ പ്രമുഖ സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് വിയ്യ. സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here