കോൺഗ്രസിന്റെ നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന്; ലോക്‌സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെടുത്തേക്കും

കോൺഗ്രസ് പാർട്ടി വിളിച്ചു ചേർത്ത നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന് നടക്കും. രാവിലെ 9.30ന് പാർലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം. ലോക്‌സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തേക്കും.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്‌സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലിമെന്ററി പാർട്ടി യോഗം നടക്കുന്നത്. സഭക്കകത്ത് സർക്കാരിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ
രാഹുൽ ഗാന്ധി ലോക്‌സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് സൂചന. രാഹുൽ പദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എംപി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾ നേതൃ സ്ഥാനത്തേക്ക് വന്നേക്കും. ലോക്‌സഭാ കക്ഷി ഉപ നേതാവിനെയും ചീഫ് വിപ്പിനെയും യോഗം തെരഞ്ഞെടുക്കും.
ലോക്‌സഭാ പ്രതിപക്ഷ നേതൃ പദവിക്ക് 55 എം പി മാരുടെ പിന്തുണ വേണം. ഇതിനായി 3 സ്വതന്ത്ര എം പി മാരുടെ പിന്തുണ തേടാനുള്ള ശ്രമവും നടക്കുന്നുണ്ട്. പാർലമെൻററി പാർട്ടി യോഗത്തിൽ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here