അഡ്മിഷൻ ഫോമിലെ ‘ജാതി’ കോളങ്ങളിൽ ഒന്നിൽ ‘മനുഷ്യൻ’ എന്ന കോളവും; മാതൃകയായി ഒരു കോളേജ്

എല്ലാ സ്ഥാപനങ്ങളിലെയും ഫോമുകളിൽ ജാതി/മതം രേഖപ്പെടുത്താനുള്ള ഒരു കോളവും ഉണ്ടാകും. എന്നാൽ ഒരു ജാതിയിലും മതത്തിലും അടയാളപ്പെടുത്താൻ താൽപ്പര്യമില്ലാത്തവരുണ്ടാകും. അവരേത് കോളത്തിൽ ടിക്ക് ചെയ്യും ? എന്നാൽ കൊൽക്കത്തയിലെ ഒരു കോളേജിൽ ജാതി/മത കോളത്തിൽ വിവിധ ജാതികൾക്കൊപ്പം ‘മനുഷ്യൻ’ എന്ന ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുകയാണ്.
കൊൽക്കത്തയിലെ ബെതുൻ കോളേജാണ് ഈ നല്ല മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ, ജൈനിസം, ബുദ്ധിസം എന്നീ മതവിഭാഗങ്ങൾക്കൊപ്പമാണ് ‘ മനുഷ്യൻ’ എന്ന കോളവും ഉൾപ്പെടുത്തിയിരിക്കുന്നത്.
‘ചില കുട്ടികൾ ജാതിയുടെ പേരിൽ തങ്ങളെ അടയാളപ്പെടുത്താൻ മടിക്കുന്നുണ്ട്. അത്തരം കുട്ടികളുടെ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യരാശിയുടെ ജാതി മനുഷ്യത്വമാണ്. അതുകൊണ്ട് തന്നെയാണ് ജാതി കോളത്തിൽ മനുഷ്യൻ എന്ന കോളവും ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്മിഷൻ കമ്മിറ്റിയുടെ കൂട്ടായ തീരുമാനമായിരുന്നു ഇത്.’- കോളേജ് പ്രിൻസിപ്പൽ മമത റെയ് പറയുന്നു.

Bethune College, Kolkata
ഇന്ന് നടക്കുന്ന ഒട്ടുമിക്ക എല്ലാ പ്രശ്‌നങ്ങൾക്ക് പിന്നിലും ജാതി/മത വ്യത്യാസങ്ങൾ ഒരു പ്രധാന ഘടകമാണ്. ജാതീയമായ അധിക്ഷേപങ്ങളുടേയും, മതവെറി, വേർതിരിവുകൾ എന്നിവയുടെയെല്ലാം ഇക്കാലത്ത് ഒരു ജാതിയിലേക്ക് ചുരുങ്ങുന്നതിൽ നിന്നും ‘മനുഷ്യൻ’ എന്ന തലത്തിലേക്ക് പടരുന്നതിന് സഹായിക്കുന്ന ഇത്തരം പ്രവണതകൾ വരാനിരിക്കുന്ന നല്ലകാലത്തിന്റെ പ്രതീക്ഷകൾ നൽകുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here