അച്ചടക്ക നടപടി തുടങ്ങി; ജോസഫിന്റെ കോലം കത്തിച്ച ജോസ് കെ മാണി വിഭാഗം നേതാവിനെ നീക്കി

കേരള കോൺഗ്രസിൽ അധികാരത്തർക്കം രൂക്ഷമാകുന്നതിനിടെ അച്ചടക്ക നടപടിയുമായി ജോസഫ് പക്ഷം പാർട്ടിയിൽ പിടിമുറുക്കുന്നു. കോട്ടയത്ത് പി.ജെ ജോസഫിന്റെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയിൽ നിന്ന് നീക്കി. ജോസ് കെ മാണി വിഭാഗത്തിന്റെ നേതാവാണ് ജയകൃഷ്ണൻ. ജില്ലാ പ്രസിഡന്റാണ് നടപടിയെടുത്തത്.
Read Also; ജോസ് കെ മാണി അനുകൂലികൾ കോട്ടയത്ത് പി.ജെ ജോസഫിന്റെയും മോൻസിന്റെയും കോലം കത്തിച്ചു
കേരള കോൺഗ്രസ് എം ചെയർമാന്റെ ചുമതലകൾ പി.ജെ ജോസഫിനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനു പിന്നാലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ഇന്ന് വൈകീട്ട് കോട്ടയത്ത് ജോസ് കെ മാണി അനുകൂലികൾ പി.ജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനത്തിൽ പി.ജെ ജോസഫിനെതിരെ അസഭ്യം നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. കടുത്തുരുത്തിയിലും പ്രതിഷേധങ്ങൾ അരങ്ങേറി. പാർട്ടിയിലെ ഭിന്നത തെരുവിലേക്കും എത്തിയതോടെയാണ് അച്ചടക്ക നടപടിയുമായി ജോസഫ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here