‘ബാലഭാസ്‌ക്കറിന്റെ ഫോൺ പ്രകാശ് തമ്പിയുടെ കൈയിൽ ആയിരിക്കാം; അയാൾ അത്തരക്കാരനെന്ന് അറിഞ്ഞില്ല’: ലക്ഷ്മി

ബാലഭാസ്‌കറുടെ പരിപാടികൾ കോഡിനേറ്റ് ചെയ്തിരുന്ന പലരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ് തമ്പിയെന്ന് ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി. സ്വർണ്ണക്കടത്ത് കേസുമായി പ്രകാശ് തമ്പിക്ക് ബന്ധമുളളതായി നേരത്തെ അറിയില്ലായിരുന്നു. അപകടത്തിനു ശേഷം ബാലഭാസ്‌കറുടെ മൊബൈൽ തിരികെ ലഭിച്ചിട്ടില്ലെന്നും ഇത് പ്രകാശ് തമ്പിയുടെ പക്കലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം, ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അച്ഛൻ ഉണ്ണി പ്രതികരിച്ചു. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ്, ഇയാളും ബാലഭാസ്‌ക്കറും തമ്മിലുളള ബന്ധങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറിയത്. കഴിഞ്ഞദിവസം കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് നയിച്ച അപകടവും കൂടുതൽ ചർച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്യാമറയ്ക്ക് മുന്നിൽ വരില്ലെന്ന നിബന്ധനയോടെ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയും പ്രതികരണവുമായി എത്തിയത്.
ബാലഭാസക്കറുടെ പരിപാടികൾ കോർഡിനേറ്റ് ചെയ്തിരുന്ന നിരവധി പേരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ് തമ്പിയെന്ന് ലക്ഷ്മി പറഞ്ഞു. ഇയാൾ സ്ഥിരം സ്റ്റാഫായിരുന്നില്ല. പ്രകാശ് തമ്പിയെ അറിയില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. പ്രകാശ് തമ്പിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നതായും ഭാര്യയെയും കൂട്ടി പ്രകാശ് തമ്പി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ലക്ഷ്മി വ്യക്തമാക്കി. എന്നാൽ, പ്രകാശ് തമ്പിക്ക് സ്വർണ്ണക്കടത്തു സംഘവുമായി ബന്ധമുളളതായി അറിയില്ലായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
അപകടത്തിന് ശേഷം തന്റെയും ബാലഭാസ്‌ക്കറുടെയും പേഴ്‌സുകളും തന്റെ മൊബൈയിൽ ഫോണും ബാഗും തിരികെ ലഭിച്ചു. എന്നാൽ ബാലഭാസ്‌ക്കറുടെ മൊബൈൽ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. ബാലഭാസ്‌ക്കറുടെയും മകളുടെയും മരണത്തിന് കാരണമായ അപകടത്തിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലുകളുണ്ടായിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടണമെന്നും ലക്ഷ്മി പറഞ്ഞു.
സംഭവസ്ഥലത്ത് അസ്വാഭാവികമായി ചിലത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഇത് പ്രകാശ് തമ്പിയെ അറിയിച്ചിരുന്നതായും കലാഭാവൻ സോബി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിനെപ്പറ്റി പ്രകാശ് തമ്പി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തത വരുത്തേണ്ടത് അയാൾ തന്നെയെന്നും ലക്ഷ്മി വിശദീകരിച്ചു. സോബിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാനുളള നീക്കത്തിലാണ് ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം. ബാലഭാസ്‌ക്കറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുന്ന കുടുംബാംഗങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here