Advertisement

‘ബാലുവിന്റെ വയലിൻ ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു’; യൂണിവേഴ്‌സിറ്റി പഠന കാലഘട്ടത്തെ പറ്റി എ എ റഹീം എം പി

March 9, 2023
Google News 2 minutes Read
a a rahim about bala bhaskar

യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്തെ, ക്ലാസ്മുറിയിലെ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓര്‍ത്തെടുത്ത് എ.എ റഹീം എംപി. കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയതാണ് ഓര്‍മകളിലേക്ക് നയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം പങ്കിട്ടത്.(A A Rahim about university campus memories)

സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി. ഞങ്ങളുടെ ക്‌ളാസ്മുറിയിൽ മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ ശബ്ദം ഒഴുകി. യൂണിവേഴ്സിറ്റി കോളേജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു. ഇഷാന്‍ ദേവ്.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

ഞങ്ങളുടെ ക്‌ളാസിൽ സംസ്‌കാരയുടെ ക്യാമ്പയിൻ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്, അവനെ കേട്ടത്, ആസ്വദിച്ചത്..ബാലഭാസ്കർ .ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു. പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളേജിന്റെ ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി ഗിഫ്റ്റെന്നും റഹീമിന്റെ കുറിപ്പില്‍ പറയുന്നു.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

ഓർമ്മകൾ….❤️
ഓർമ്മകളിലെ യൂണിവേഴ്സിറ്റി കോളേജ്…
ഞങ്ങളുടെ ക്‌ളാസ്മുറിയിൽ ഇടവേളകളിൽ
നടന്ന ‘പാട്ട് സഭകൾ’…
ക്‌ളാസിൽ തന്നെ നല്ല പാട്ടുകാരും കവിത ചൊല്ലുന്നവരുമൊക്കെയുണ്ടായിരുന്നു.
ചിലപ്പോൾ മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നല്ല പാട്ടുകാരെത്തും.പാട്ടും,കവിതകളും,
വിപ്ലവ ഗാനങ്ങളുമൊക്കെയായി എത്രയോ
മനോഹരമായ നിമിഷങ്ങൾ…
ആ സൗഹൃദക്കൂട്ടിലെയ്ക്ക് ഒരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു.ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി.പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി.
ഞങ്ങളുടെ ക്‌ളാസ്മുറിയിൽ മാത്രമല്ല,
യൂണിവേഴ്സിറ്റി കോളേജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ ശബ്ദം ഒഴുകി…
യൂണിവേഴ്സിറ്റി കോളേജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു.
ഇഷാൻ ദേവ്.
ഇഷാൻ മാത്രമല്ല,
ഞങ്ങളുടെ ക്‌ളാസിൽ സംസ്‌കാരയുടെ ക്യാമ്പയിൻ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്,അവനെ കേട്ടത്,ആസ്വദിച്ചത്..ബാലഭാസ്കർ .ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു.
പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളേജിന്റെ
ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി.
ലജ്ജാവതിയിലൂടെ ജാസി മലയാളികളുടെ മനസ്സ് കീഴടക്കി.മലയാള ചലച്ചിത്ര ഗാനശാഖയിലെ വിപ്ലവമായിരുന്നു ജാസിയുടെ ആ പാട്ട്.
പിന്നെ എത്രയോ പാട്ടുകൾ…തെന്നിന്ത്യയിലെ ശ്രദ്ധേയമായ സംഗീതജ്ഞരിൽ ഒരാളായി മാറിയ ജാസി ഗിഫ്റ്റ്.
ജാസിയും,ബാലുവും,ജയനും ഒക്കെയുള്ള ഒരുജ്ജ്വല ടീം.പിന്നെ ഇഷാൻ ….
സർവകലാശാല കലോത്സവങ്ങളിൽ മ്യൂസിക്കൽ ഇവന്റുകളിൽ ഈ ടീമിനെ വെല്ലാൻ ഒരു ക്യാമ്പസും അന്നുണ്ടായിരുന്നില്ല.
ഇവിടെ പങ്കുവയ്ക്കുന്ന ഫോട്ടോയിൽ ഇഷാനും എനിയ്ക്കുമൊപ്പം ഉള്ളത് ജയനാണ്.കീ ബോർഡിൽ വിസ്മയം വിരിയിക്കുന്നവൻ.അന്ന് ജാസിയുടെ ശിഷ്യനായി ജയൻ ക്യമ്പസിന്റെ ശ്രദ്ധയിൽ നിറഞ്ഞു.
ഇന്ന് തന്റെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ജയൻ ഇഷാൻ ദേവിനൊപ്പം പെർഫോം ചെയ്യാൻ കണ്ണൂരെത്തിയതായിരുന്നു.
ചില നിമിഷങ്ങളിൽ നമ്മൾ ഓർമ്മകളുടെ വന്യതയിലേയ്ക്ക് തെന്നിവീഴും.
അതുപോലൊരു വൈകുന്നേരമായിരുന്നു ഇന്നെനിയ്ക്ക്.
ചരിത്രം ഇരമ്പുന്ന ക്യാമ്പസിന്റെ ഇടനാഴികളിൽ ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങൾ,
സിലബസിനുപുറത്ത് കനമുള്ള രാഷ്ട്രീയം നിറഞ്ഞ പ്രസംഗങ്ങൾ കേട്ട ക്‌ളാസ്മുറികൾ,
സംഗീതവും,രാഷ്ട്രീയവും,സാഹിത്യവും,അഭിനയവും നിറഞ്ഞ സെന്റിനറിഹാൾ….
പ്രണയവും ചിരികളും നിറം പകർന്ന മരച്ചുവടുകളിലെ മനോഹരമായ സൗഹൃദങ്ങളിൽ വന്യമായ സൗന്ദര്യം പകർന്ന പാട്ടുകൾ.. നിറമുള്ള ഇന്നലെകൾ.
കണ്ണൂർ മയ്യിലെ അരങ്ങുത്സവ വേദിയിൽ ഇഷാനും ജയനും ഒപ്പം നിന്നപ്പോൾ യൂണിവേഴ്സിറ്റി കോളേജിലേക്കാണ് മനസ്സ് പോയത്.
മധുരമുള്ള ഓർമ്മകളിലേക്ക് .
സംഗീതത്തിലും,സിനിമയിലും,സാഹിത്യത്തിലും
മാധ്യമ രംഗത്തുമെല്ലാം പിൽക്കാലത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകൾ അന്ന് ഞങ്ങളുടെ സമകാലീനരായി യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായിരുന്നു.എല്ലാവരെ കുറിച്ചും എഴുതുന്നില്ല.ചുരുങ്ങിയ വാക്കുകളിൽ ആ പേരുകൾ തീരില്ല.
കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽ
ഇന്ന് പങ്കെടുത്തു,സംസാരിച്ചു.
നാടാകെ എത്തിയ സാംസ്കാരികോത്സവത്തിനാണ് മയ്യില്‍ സാക്ഷ്യം വഹിക്കുന്നത്.ഇന്ന് സമാപനമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും,
മയ്യിൽ ജനസംസ്കൃയും ചേർന്നായിരുന്നു അരങ്ങുത്സവം സംഘടിപ്പിച്ചത്.ഇത്തരം സാംസ്കാരികോത്സവങ്ങൾ നമ്മുടെ നാടിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരും.

Story Highlights: A A Rahim about university campus memories

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here