ക്യാന്‍സര്‍ രോഗിയല്ലാത്ത യുവതിക്ക് ക്യാന്‍സര്‍ ചികില്‍സയും, കീമോ തെറാപ്പിയും; സംഭവത്തില്‍ അടിയന്തിര നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ക്യാന്‍സര്‍ രോഗിയല്ലാത്ത യുവതിക്ക് ക്യാന്‍സര്‍ ചികില്‍സയും, കീമോ തെറാപ്പിയും നടത്തിയ സംഭവത്തില്‍ അടിയന്തിര നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്ക് കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോതെറാപ്പി ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആര്‍സിസിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കേട്ട് കേള്‍വിയില്ലാത്ത ചികില്‍സാ പിഴവും അനാസ്ഥയും. അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍. കാന്‍സറില്ലാതെ കാന്‍സറിന്റെ ചികില്‍സയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തരഫലങ്ങളെല്ലാമുണ്ട് കുടശനാട് സ്വദേശിനി രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറാപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥകളും. മാറിടത്തിലെ ഇല്ലാത്ത കാന്‍സറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ചികില്‍സയുടെ ബാക്കിയാണിതെല്ലാം.
മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. എന്നാല്‍ ഇല്ലാത്ത രോഗത്തിന് കീമോ തെറാപ്പിയടക്കം നടത്തി വേദനയും ദുരിതവും പേറി ജീവിക്കുകയാണ് രജനി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here