കെവിന്‍ വധം; മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

കെവിനെ പുഴയില്‍ മുക്കിക്കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിചാരണ കോടതിയില്‍ മൊഴിനല്‍കി. ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. അപകട മരണത്തിന്റെ സാധ്യതകള്‍ തള്ളിയ മെഡിക്കല്‍ ബോര്‍ഡ്, മുങ്ങിയ സമയത്ത് കെവിന് ബോധമുണ്ടായിരുന്നതായും വ്യക്തമാക്കി.
കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധരായ ഡോ. വി.എം രാജീവ്, സന്തോഷ് ജോയ്, മെഡിക്കല്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശശികല എന്നിവരാണ് നിര്‍ണായക മൊഴി നല്‍കിയത്.
അരയ്ക്കൊപ്പം വെള്ളത്തില്‍ കെവിന്‍ മുങ്ങിയത് അപകട മരണമോ ആത്മഹത്യയോ അല്ലെന്ന് ഡോക്ടര്‍ ശശികല പറഞ്ഞു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് അമിത അളവില്‍ ശ്വാസകോശത്തില്‍ വെള്ളമെത്തിയത്. ഇരു അറകളിലുമായി നൂറ്റിയെഴുപതും നൂറ്റിയന്‍പതും മില്ലീലിറ്റര്‍ വെള്ളമാണ് കെട്ടിക്കിടന്നത്. മുങ്ങുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നതിന്റെ തെളിവാണ് ഇതെന്ന് മൊഴിയില്‍ പറയുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭൂപ്രകൃതിയും പരിശോധിച്ചാണ് നിഗമനത്തില്‍ എത്തിയതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. റോഡരികില്‍ നിന്ന് കെവിന്‍ സ്വമേധയാ വെള്ളത്തിലെത്താനുള്ള സാധ്യതയില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ കെവിനെ മര്‍ദ്ദിച്ച ശേഷം ഓടിച്ച് പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കുന്ന നിര്‍ണായക മൊഴിയാണ് വിചാരണ കോടതിക്കു മുന്നിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here