ബാലഭാസ്ക്കറിന്റെ ഫോൺ പ്രകാശ് തമ്പിയുടെ കൈവശം; കാണാതായെന്ന് പറയുന്നത് കള്ളമെന്ന് അച്ഛൻ കെ സി ഉണ്ണി

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറുടെ ഫോൺ എവിടെയാണെന്നത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി പിതാവ് കെ സി ഉണ്ണി. ബാലഭാസ്ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുമ്പോഴും ഫോൺ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിലുള്ള പ്രകാശ് തമ്പിയുടെ കൈവശമാണ് ഫോണെന്നാണ് അച്ഛൻ വ്യക്തമാക്കുന്നത്. ഫോൺ കാണാതായെന്ന് പറയുന്നത് കള്ളമാണെന്നും ഉണ്ണി ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ വ്യക്തമാക്കി.
ബംഗളൂരുവിൽ സ്വന്തമായി ഇവന്റ്മാനേജ്മെന്റ് നടത്തുന്ന ബിജു മേനോൻ എന്നയാൾ ബാലഭാസ്ക്കറിന്റെ നിരവധി പ്രോഗ്രാമുകൾ അവിടെ നടത്തിയിരുന്നു. ഒരിക്കൽ ബംഗളൂരുവിൽ ബാലുവിന്റെ പ്രോഗ്രാം അയാൾ ബുക്ക് ചെയ്തു. അത് പറഞ്ഞ് ഇടപാട് ചെയ്തത് പ്രകാശ് തമ്പിയായിരുന്നു. ബാലുവിന്റെ മരണ ശേഷം അത് മറ്റെരാളെവെച്ച് ബുക്ക് ചെയ്യണമായിരുന്നു. ബാലുവിന്റെ ഫോണിലായിരുന്നു ബിജു ബന്ധപ്പെട്ടിരുന്നത്. മറ്റെരാളെവെച്ച് പരിപാടി ബുക്ക് ചെയ്തെങ്കിലും അത് നടന്നില്ല. അതിന്റെ പേരിൽ ഇരുവരും വഴക്കിട്ടു. ബാലുവിന്റെ ഫോൺ പ്രകാശ് തമ്പിയുടെ കൈവശം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് തമ്പിയും വിഷ്ണുവുമാണ് ബാലഭാസ്ക്കറിന്റെ കാര്യങ്ങൾ ഏറെ കുറേ നിയന്ത്രിച്ചിരുന്നത്. അതിന് ശേഷമാണ് അർജുൻ ഡ്രൈവറായിസ കടന്നു വരുന്നത്. ബാലഭാസ്ക്കർ മരിക്കുന്നതിന് രണ്ട് മാസം മുൻപ് മാത്രമാണ് അർജുൻ ഡ്രൈവറായി എത്തുന്നത്. പിന്നീടാണ് അയാൾ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നുള്ള കാര്യം അറിയുന്നത്. ഒരു പക്ഷേ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയുമെല്ലാം നിർബന്ധത്തിന് വഴങ്ങിയാകാം അർജുനെ ബാലഭാസ്ക്കർ ഡ്രൈവറായി നിയമിച്ചതെന്നും ഉണ്ണി പറഞ്ഞു.
ബാലു മരിച്ച ശേഷം നിരവധി തവണ പ്രകാശ് തമ്പി ലക്ഷ്മിയുടെ വീട്ടിൽ പോയിട്ടുണ്ട്. ലക്ഷ്മിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും മറ്റും തമ്പിയാണ്. ബാലുവിന്റെ ബെൻസ് കാർ തമ്പിയുടെ കൈവശമാണ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശേഷമാണ് ലക്ഷ്മിയും വീട്ടുകാരും അയാളെ തള്ളിപ്പറഞ്ഞതെന്നും ഉണ്ണി വ്യക്തമാക്കി.
ബാലുവിന്റെ വയലിനുകൾ എവിടെയെന്ന് അറിയില്ല. വിറ്റോ ഇല്ലയോ എന്ന് വ്യക്തമല്ല. അവന്റെ കൈവശം എല്ലാ രാജ്യങ്ങളിലേയും വയലിൻ ഉണ്ടായിരുന്നു. വീടിന് താഴെ ഒരു സ്റ്റുഡിയോ ഉണ്ട്. കമ്പ്യൂട്ടറിൽ നിറയെ പാട്ടുകൾ കംപോസ് ചെയ്തിട്ടുണ്ട്. അത് അവൻ എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതൊക്കെ ആരെങ്കിലും മോഷ്ടിച്ചോ എന്ന് സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here