ക്യാന്‍സര്‍ ഭീതി പരത്തി ഏലക്കാടുകളിലെ കീടനാശിനി പ്രയോഗം

ഏലക്കാടുകളിലെ മാരക കീടനാശിനികളുടെ പ്രയോഗം ഹൈറേഞ്ച് മേഖലയില്‍ ക്യാന്‍സര്‍ ഭീതി പരത്തുന്നു. നിരോധിത കീടനാശിനികള്‍ ഉള്‍പ്പെടെയുള്ളവയാണ് ഏലത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്. കീടനാശിനിയുടെ അമിത ഉപയോഗം സമീപ പ്രദേശങ്ങളില്‍ ക്യാന്‍സര്‍ രോഗം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കട്ടപ്പന നഗരസഭയില്‍പ്പെട്ട പ്രദേശങ്ങളിലും കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തും ക്യാന്‍സര്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മേട്ടുകുഴി, വള്ളക്കടവ്, കടമാക്കുഴി, നരിയംപാറ പ്രദേശങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ മുപ്പതോളം ആളുകളാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് അധികൃതരെ പ്രദേശവാസികള്‍ സമീപിച്ചെങ്കിലും കാര്യമായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. നിലവില്‍ പ്രദേശത്ത് മൂന്ന് ക്യാന്‍സര്‍ രോഗികള്‍ ചികിത്സ നടത്തുന്നുണ്ട്.
ഗുരുതരമായി ക്യാന്‍സര്‍ രോഗം പടരുമ്പോഴും ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിനോ നടപടികള്‍ സ്വീകരിക്കുന്നതിനോ ആരോഗ്യ വകുപ്പ് തയാറാകാത്തത് ദുരൂഹത പരത്തുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ ക്യാന്‍സര്‍ ബാധയുണ്ടായിട്ടും ഇതിന്റെ കാരണം തേടാന്‍ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. ഹൈറേഞ്ചില്‍ ഏലം കൃഷി ചെയ്യുന്ന ഇരട്ടയാര്‍, വണ്ടന്‍മേട് പ്രദേശങ്ങളിലും സമാനമായി രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍, എമിസാന്‍ എന്നിവയും ഇന്നും ഹൈറേഞ്ചിലെ ഏലക്കാടുകളില്‍ സുലഭമാണ്. കൃഷി ഓഫീസര്‍മാരുടെ കര്‍ശന നിയന്ത്രണത്തില്‍ വേണം രാസകീടനാശിനികള്‍ വില്‍പന നടത്താന്‍. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെടുന്നില്ല. ആവശ്യത്തിന് കൃഷി ഓഫീസര്‍മാര്‍ ജില്ലയിലില്ലാത്തതും ഇത്തരം കീടനാശിനി പ്രയോഗത്തിനു കാരണമാകുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here