Advertisement

നിപ: യുഎൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

June 4, 2019
Google News 0 minutes Read

നിപ വൈറസ് പടരുന്നതിനെക്കുറിച്ച് പഠിക്കാൻ യു എൻ സംഘത്തെ കേരളത്തിലേക്ക് അയക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷവർധൻ ഉറപ്പു നൽകിയതായി കേരളത്തിലെ കോൺഗ്രസ് എം പി മാർ. ഇക്കാര്യം ആവശ്യപ്പെട്ട് എം പി മാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു.

പരിശോധന കിറ്റുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ലഭ്യമാക്കണമെന്നും നിപ നിയന്ത്രണ ലബോറട്ടറി കേരളത്തിൽ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നീ എംപി മാരാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടികാഴ്ച നടത്തിയത്.

അതേസമയം, എറണാകുളത്ത് നിപ സ്ഥിരീകരിച്ച 23 കാരനായ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. പനി കുറഞ്ഞതായും ആരോഗ്യസ്ഥതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

മെയ് 30 നാണ് 23കാരനായ യുവാവ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോൾ നാവ് കുഴയൽ, ശരീരത്തിന്റെ ബാലൻസ് കുറയൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് എംആർഐ സ്‌കാൻ അടക്കമുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കി. എൻഎബിഎൽ അംഗീകൃത ലാബിൽ നടത്തിയ പരിശോധനാഫലങ്ങൾ രോഗിക്ക് നിപ വൈറൽ എൻസഫലൈറ്റിസ് ആകാമെന്ന സൂചന നൽകി. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കൽ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി മൂന്ന് സർക്കാർ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയക്കുകയും ചെയ്തു. തുടർന്ന് യുവാവിന് നിപയാണെന്ന് ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, പനി ബാധിച്ച കാലയളവിൽ രോഗിയുമായി ഇടപഴകിയ 311 പേർ നീരിക്ഷണത്തിലാണ്. ഇവരോട് വീട്ടിൽ തന്നെ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here