Advertisement

വി മുരളീധരനെതിരെ വധഭീഷണി ഉയർത്തിയ സംഭവം; സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

June 5, 2019
1 minute Read

കേന്ദ്രസഹമന്ത്രി കെ മുരളീധരനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സെൻട്രൽ എക്‌സൈസിലെ ഇൻസ്‌പെക്ടർ ബാദലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കുളത്തറ സ്വദേശിയാണ് ബാദൽ. ഇയാൾക്ക് പുതിയ സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ പാർലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മെയ് 30 നാണ് രാജ്യസഭാ എംപിയായ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്നും വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇതോടെ കുമ്മനവും കണ്ണന്താനവും പുറത്തായി.

എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി മുരളീധരൻ പിന്നീട് ബിജെപി ചുമതലകളിലേക്കെത്തുകയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. കുറേക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. തലശ്ശേരി എരഞ്ഞോളിയാണ് വി മുരളീധരന്റെ ജൻമദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top