Advertisement

ചെയർമാൻ സ്ഥാനം വിട്ടുനൽകിയുള്ള ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി വിഭാഗം

June 5, 2019
Google News 0 minutes Read

കേരള കോൺഗ്രസിലെ തർക്കം മുറുകിയതോടെ ചെയർമാൻ സ്ഥാനം വിട്ടുനൽകിയുള്ള ഒത്തുതീർപ്പു വേണ്ടെന്ന് ജോസ് കെ മാണി അനുകൂലികളുടെ ധാരണ. പി ജെ ജോസഫിന്റെ ആവശ്യങ്ങളെ ഗൗനിക്കാതെ പാർട്ടിയിൽ സ്വാധീനം ശക്തമാക്കാനുള്ള നീക്കങ്ങളാണ് ഗ്രൂപ്പിൽ സജീവമാകുന്നത്. വിദേശയാത്ര കഴിഞ്ഞ മോൻസ് ജോസഫ് തിരിച്ചു വന്നതോടെ ജോസഫ് പക്ഷത്തിന്റെ നീക്കങ്ങളും മാണി വിഭാഗം ഉറ്റുനോക്കുന്നു. ഇതോടെ സമവായ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.

സംസ്ഥാന കമ്മറ്റി വിളിക്കാതെ ചെയർമാൻ സ്ഥാനം നിലനിർത്താനുള്ള പി ജെ ജോസഫിന്റെ നീക്കങ്ങളെ ഗൗനിക്കാതെ മുന്നോട്ടു പോകാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പദ്ധതി. വർക്കിംഗ് ചെയർമാൻ പദവി നൽകാമെന്ന ജോസഫ് ഗ്രൂപ്പിന്റെ വാഗ്ദാനം മാണി വിഭാഗം പൂർണമായി തള്ളി. ചർച്ചകൾ വഴിമുട്ടി നിൽക്കെ പിന്നോട്ടില്ലെന്നറിയിച്ച് പരസ്യ പ്രസ്താവനകളുമെത്തി.

ഇന്ന് കൊച്ചിയിൽ ചേരാനിരുന്ന അനുരഞ്ജന ചർച്ചകൾ ഒഴിവാക്കിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗം വിളിക്കാനൊരുങ്ങുന്ന ജോസഫിന് മുന്നിൽ അനൗദ്യോഗിക ചർച്ചകൾക്കാണെങ്കിൽ മാത്രം എത്താമെന്ന നിലപാടിലാണ് മാണി വിഭാഗം. ജൂൺ ഒൻപതിനകം നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ജോസഫ് പക്ഷം. പാർട്ടി പിളർപ്പിലേക്കെത്തിയാൽ പരമാവധി പേരെ ഒപ്പം നിർത്താനാണ് ജോസ കെ മാണിയുടെ പദ്ധതി. സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് പുറമെ ജില്ലാ ഭാരവാഹികളെയും നേരിൽ കാണാനും മാണി വിഭാഗം പിന്തുണ തേടുന്നുണ്ട്. ഗ്രൂപ്പ് മാനേജരായ മോൻസ് ജോസഫ് തിരിച്ചെത്തിയതോടെ ജോസഫ് പക്ഷത്തുനിന്നും വരും ദിവസങ്ങളിൽ നിർണായക നീക്കങ്ങളുണ്ടാകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here