നിപ: കളമശ്ശേരി ഐസൊലേഷൻ വാർഡിലേക്ക് ഒരാൾ കൂടി

കളമശ്ശേരി ഐസൊലേഷൻ വാർഡിലേക്ക് ഒരാളെ കൂടി എത്തിക്കും. കോതമംഗലം സ്വദേശിനിയായ യുവതിയെയാണ് കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റുന്നത്. നിപയുടെ ലക്ഷണങ്ങളുമായി കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. ഇതോടെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏറാകും. നേരത്തെ വടക്കൻ പറവൂർ സ്വദേശിനിയായ യുവതിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വിദ്യാർത്ഥിയുടെ നില സ്റ്റേബിളാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോടാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാരും ഒരു സുഹൃത്തും അടക്കം പനി ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ചുപേരുടെയും നിലയിലും പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുടെ രക്തസാമ്പിളും സ്രവങ്ങളും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അവയുടെ ഫലം നാളെ വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പനി ബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. അതിനാൽ ഫലം നെഗറ്റീവാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. നിപ ബാധിച്ച വിദ്യാർത്ഥിയുമായി ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തിയവർ അടക്കം 311 പേരുടെ കോണ്ടാക്ട് ലിറ്റ് ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here