Advertisement

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന് സിബിഐ

June 6, 2019
Google News 0 minutes Read

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന് സിബിഐ എഫ്‌ഐആർ. കോടികൾ വിലവരുന്ന സ്വർണ്ണം പ്രതികൾ വിമാനത്താവളം വഴി കടത്തിയതായും ജൂവലറികൾ വഴി വിറ്റഴിച്ചതായും എഫ്‌ഐആറിൽ പറയുന്നു. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണൻ മുഖ്യപ്രതിയെന്ന് വ്യക്തമാക്കുന്ന എഫ്‌ഐആറാണ് അന്വേഷണ സംഘം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ഒൻപതു പ്രതികളും ചേർന്ന് സ്വർണ്ണക്കടത്തിനായി ഗൂഢാലോചന നടത്തി. ഏപ്രിൽ 27 നും മെയ് 13 നും ഇടയിലുള്ള കാലയളവിലായിരുന്നു ഗൂഢാലോചന നടത്തിയത്. ഇക്കാലയളവിൽ വിമാനത്താവളം വഴി കോടികളുടെ സ്വർണ്ണം പ്രതികൾ കടത്തി. ഇങ്ങനെ കടത്തുന്ന സ്വർണ്ണം ജൂവലറികൾ വഴിയാണ് വിറ്റിരുന്നതെന്നും എഫ്‌ഐആറിൽ പറയുന്നു.

കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണൻ പ്രതികൾക്ക് സ്വർണ്ണം കടത്താനായി സഹായം ചെയ്തു. വിമാനത്താവളത്തിലെ എക്‌സറേ പൊസിഷനിൽ പരിശോധന ഒഴിവാക്കിയായിരുന്നു രാധാകൃഷ്ണൻ പ്രതികളെ കടത്തിവിട്ടിരുന്നതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് നടന്നതായി കണ്ടെത്തിയ ദിവസങ്ങളിൽ മസ്‌ക്കറ്റ്, ദുബായ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് വിമാനം എത്തുമ്പോൾ രാധാകൃഷ്ണൻ പരിശോധന ചുമതല ഏറ്റെടുത്തിരുന്നതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും എഫ്‌ഐആറിൽ പറയുന്നു. കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബിജു, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം ഉൾപ്പടെയുള്ളവർക്ക് ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here