Advertisement

ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി വാങ്ങിയതായി നിർണ്ണായക മൊഴി

June 7, 2019
Google News 0 minutes Read

ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി വാങ്ങിയതായി കടയുടമയുടെ നിർണ്ണായക മൊഴി. ദൃശ്യങ്ങൾ ശേഖരിച്ച ശേഷം ഹാർഡ് ഡിസ്‌ക്ക് മടക്കി നൽകിയെന്ന് കടയുടമ ഷംനാദ് ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. അപകടം സംബന്ധിച്ച് ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനിടെയാണ് പ്രകാശ് തമ്പി ഹാർഡ് ഡിസ്‌ക്ക് കൊണ്ടുപോയത്. ഹാർഡ് ഡിസ്‌ക്ക് നിലവിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണുള്ളത്. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ് ഡിസ്‌ക്ക് ഫോറൻസിക് പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തു നിന്നും ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഇവിടെ നിന്നും ഇറങ്ങി ഒരു മണിക്കൂറിനുള്ളിലാണ് പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപടക സമയം വണ്ടിയോടിച്ചത് ബാലഭാസ്‌ക്കറാണോ അർജുനാണോ എന്ന കാര്യത്തിൽ കൃത്യത വരാത്ത സാഹചര്യത്തിൽ കുടുംബം ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നതിനിടെയാണ് കടയുടമയുടെ നിർണ്ണായക മൊഴി. പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കടയുടമയുടെ മൊഴി വളരെ നിർണ്ണായകമാകുമെന്നാണ് സൂചന.

അതിനിടെ ബാലഭാസ്‌ക്കറുടെ ഡ്രൈവറായിരുന്ന അർജുൻ ഒളിവിലെന്ന് സൂചനയുണ്ട്. അർജുൻ നാടുവിട്ടെന്നും നിലവിൽ അസമിലാണെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റയാൾ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അർജുൻ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അർജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയിൽ നിന്ന് പള്ളിപ്പുറത്തെത്താൻ രണ്ടേമുക്കാൽ മണിക്കൂർ മാത്രമാണ് വേണ്ടിവന്നത്. അത്രയും വേഗത്തിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടർ രവീന്ദ്രന്റെ മകൻ ജിഷ്ണുവും ഒളിവിലെന്നാണ് സംശയം. ഇക്കാര്യവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.

സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിലുള്ള പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പറഞ്ഞിരുന്നു. ബാലഭാസ്‌ക്കറിന് അപകടം സംഭവിക്കുന്നതിന് തലേദിവസം തിരുവനന്തപുരത്തെത്തിയ മകൻ ജിഷ്ണു പ്രകാശ് തമ്പിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. രവീന്ദ്രന്റേയും ഭാര്യ ലതയുടേയും മൊഴി ക്രൈംബ്രൊഞ്ച് എടുത്തിരുന്നു. മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇരുവരും ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here