ജോസഫിന്റേത് കെ.എം മാണിയെ അപമാനിക്കുന്ന പ്രസ്താവന, സംസ്ഥാന കമ്മിറ്റി വിളിക്കാൻ സ്വയം പ്രഖ്യാപിത ചെയർമാന് ഭയമെന്നും ജോസ് കെ മാണി

ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമായിരിക്കെ പി.ജെ ജോസഫിനെതിരെ ആരോപണങ്ങളുമായി ജോസ് കെ മാണി പരസ്യമായി രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി വിളിക്കാൻ ജോസഫിന് ഭയമാണെന്നും ഞാനാണ് ചെയർമാനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ട് സമവായം വേണമെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ലെന്നും ജോസ് കെ മാണി ആഞ്ഞടിച്ചു.കേരള കോൺഗ്രസ് ഭരണഘടനയിൽ ചെയർമാൻ കെ.എം മാണി മരിച്ചാൽ മകൻ ചെയർമാനാകും എന്ന് എഴുതിയിട്ടുണ്ടോയെന്ന പി.ജെ ജോസഫിന്റെ പരാമർശം ഏറെ വേദനയുണ്ടാക്കുന്നതാണ്.
ഇത് കെ.എം മാണിയെയും തന്നെയും അപമാനിക്കുന്നതിന് തുല്യമാണ്. പി ജെ ജോസഫിന് അതേ ഭാഷയിൽ താൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പി ജെ ജോസഫും അദ്ദേഹത്തെപ്പോലെ വേറെ മുതിർന്ന നേതാക്കളും ചെയർമാനാകാൻ അർഹതയുള്ളവരായി പാർട്ടിയിലുണ്ട്. എന്നാൽ ചെയർമാനെ സംസ്ഥാന കമ്മിറ്റി വിളിച്ചാണ് തെരഞ്ഞെടുക്കേണ്ടത്.
എന്നാൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർക്കാതെ ഞാനാണ് ചെയർമാനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ട് സമവായം വേണമെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ല. സംസ്ഥാന കമ്മിറ്റി വിളിച്ച് ചേർക്കാൻ ഭയമുണ്ട് എന്ന് പറയുമ്പോൾ ജനാധിപത്യത്തിൽ ഭയമുണ്ടെന്നാണ് അർത്ഥം. കേരള കോൺഗ്രസിൽ ജനാധിപത്യം നിലനിർത്താനുള്ള നടപടികൾ ഞങ്ങളെടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തിനായുള്ള സമവായ നീക്കത്തിൽ നിന്ന് പി.ജെ ജോസഫ് വിഭാഗം നേരത്തെ പിൻമാറിയിരുന്നു.
സമാന്തര യോഗങ്ങൾ പാർട്ടി വിരുദ്ധ നടപടിയായി കണക്കാക്കുമെന്ന പി.ജെ ജോസഫിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ജോസ് കെ മാണി വിഭാഗം നേതാക്കൾ പാലായിൽ ജോസ് കെ മാണിയുടെ വസതിയിൽ രഹസ്യയോഗം ചേർന്നിരുന്നു. ഇതിൽ പ്രകോപിതതരായാണ് ജോസഫ് വിഭാഗം സമവായ നീക്കങ്ങളിൽ നിന്ന് പിൻമാറിയത്. ഇതോടെ ചെയർമാനെ തെരഞ്ഞെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here