സമവായമില്ല; സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

അധികാരത്തർക്കം രൂക്ഷമായിരിക്കുന്ന കേരള കോൺഗ്രസിൽ പുതിയ നീക്കവുമായി ജോസ് കെ മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പാർട്ടിയിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും വർക്കിങ് ചെയർമാനായ പിജെ ജോസഫിന് ചെയർമാന്റെ അധികാരങ്ങളൊന്നുമില്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Also; ജോസ് കെ മാണിയുടെ വീട്ടിൽ രഹസ്യ യോഗം; അഞ്ച് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തു
ഒഴിഞ്ഞു കിടക്കുന്ന ചെയർമാൻ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കേണ്ടത് വർക്കിങ് ചെയർമാനാണ്. സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു. ജോസ് കെ മാണിക്ക് പുറമേ തോമസ് ചാഴികാടൻ എം.പി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവരും കത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കലഹം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സമവായ നീക്കത്തിൽ നിന്ന് പി.ജെ ജോസഫ് വിഭാഗം പിൻമാറിയിരുന്നു.
സമാന്തര യോഗങ്ങൾ പാർട്ടി വിരുദ്ധ നടപടിയായി കണക്കാക്കുമെന്ന പി.ജെ ജോസഫിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ജോസ് കെ മാണി വിഭാഗം നേതാക്കൾ പാലായിൽ ജോസ് കെ മാണിയുടെ വസതിയിൽ രഹസ്യയോഗം ചേർന്നിരുന്നു. ഇതിൽ പ്രകോപിതതരായാണ് ജോസഫ് വിഭാഗം സമവായ നീക്കങ്ങളിൽ നിന്ന് പിൻമാറിയത്. ജോസ് കെ മാണി വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം നടപടികൾക്കൊരുങ്ങുന്ന സാഹചര്യത്തിലാണ് മറുവിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here