ബാലഭാസ്‌ക്കറിന്റെ മരണം; മൊഴിയിൽ മലക്കം മറിഞ്ഞ് കൊല്ലത്തെ ജ്യൂസ് കടയുടമ; പ്രകാശ് തമ്പിയെ അറിയില്ല

ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി മാറ്റി കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ്. പ്രകാശ് തമ്പിയെ അറിയില്ലെന്നാണ് ഷംനാദ് ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കടയിൽ വന്നത് ബാലഭാസ്‌ക്കറാണോ എന്നുപോലും അറിയില്ലെന്നും ആ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നുമാണ് ഷംനാദ് വ്യക്തമാക്കുന്നത്. നേരത്തേ പ്രകാശ് തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ വാങ്ങിയെന്നായിരുന്നു ഷംനാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഷംനാദ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
അപടകം നടന്ന് ദിവസങ്ങൾ കഴിഞ്ഞ്് പൊലീസ് ഉദ്യോഗസ്ഥർ എത്തി പറഞ്ഞപ്പോഴാണ് കടയിൽ വന്നത് ബാലഭാസ്‌ക്കറാണെന്ന് മനസിലായതെന്നും ഷംനാദ് പറഞ്ഞു. അതിന് ശേഷം വീണ്ടും പൊലീസ് കടയിൽ വന്നു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഹാർഡ് ഡിസ്‌ക് കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു. രണ്ട് മാസം മുൻപായിരുന്നു അത്. 30 ദിവസം മാത്രമേ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌ക്കിൽ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പൊലീസിനോട് പറഞ്ഞു. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പറഞ്ഞാണ് പൊലീസ് ഹാർഡ് ഡിസ്‌ക് കൊണ്ടുപോയതെന്നും ഷംനാദ് പറഞ്ഞു.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി വാങ്ങിയതായി ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇത് ശരിവെയ്ക്കുന്ന തരത്തിൽ ഷംനാദിന്റെ സുഹൃത്തും വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പ്രകാശ് തമ്പി ഹാർഡ് ഡിസ്‌ക്ക് മടക്കി നൽകിയെന്നും ദൃശ്യങ്ങൾ നശിപ്പിച്ച ശേഷമാണ് ഹാർഡ് ഡിസ്‌ക് നൽകിയതെന്നും ഷംനാദ് പറഞ്ഞതായായിരുന്നു വിവരം. അപകടം സംബന്ധിച്ച് ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനിടെയാണ് പ്രകാശ് തമ്പി ഹാർഡ് ഡിസ്‌ക്ക് കൊണ്ടുപോയതെന്നും കടയുടമ പറഞ്ഞു. ഇതാണ് ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നത്. ഹാർഡ് ഡിസ്‌ക്ക് നിലവിൽ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണുള്ളത്. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ് ഡിസ്‌ക്ക് ഫോറൻസിക് പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തു നിന്നും ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഇവിടെ നിന്നും ഇറങ്ങി ഒരു മണിക്കൂറിനുള്ളിലാണ് പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌ക്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപടക സമയം വണ്ടിയോടിച്ചത് ബാലഭാസ്‌ക്കറാണോ അർജുനാണോ എന്ന കാര്യത്തിൽ കൃത്യത വരാനുണ്ട്. കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഒരുപക്ഷേ വ്യക്തത വന്നേക്കും.
അതിനിടെ ബാലഭാസ്‌ക്കറുടെ ഡ്രൈവറായിരുന്ന അർജുൻ ഒളിവിലെന്ന് സൂചനയുണ്ട്. അർജുൻ നാടുവിട്ടെന്നും നിലവിൽ അസമിലാണെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.അപകടത്തിൽ പരിക്കേറ്റയാൾ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അർജുൻ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അർജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയിൽ നിന്ന് പള്ളിപ്പുറത്തെത്താൻ രണ്ടേമുക്കാൽ മണിക്കൂർ മാത്രമാണ് വേണ്ടിവന്നത്. അത്രയും വേഗത്തിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടർ രവീന്ദ്രന്റെ മകൻ ജിഷ്ണുവും ഒളിവിലെന്നാണ് സംശയം. ഇക്കാര്യവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here