വിശ്വരൂപത്തിന് ഓഫർ ചെയ്തത് കള്ളപ്പണം; നിരസിച്ച തനിക്കെതിരെ ജയലളിത പകയോടെ പെരുമാറിയെന്ന് കമൽ ഹാസൻ

ചിത്രകാരൻ എംഎഫ് ഹുസൈനെപ്പോലെ രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് താൻ ഒരിക്കൽ ഭയന്നിരുന്നുവെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ പകയായിരുന്നു ആ ഭീതിക്ക് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി. മാധ്യമപ്രവർത്തക സോണിയ സിങിന്റെ ‘ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ.
വിശ്വരൂപത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. ജയ ടിവിയുടെ അധികൃതർ ഭീമമായ തുക വാഗ്ദാനം ചെയ്ത് പകർപ്പവകാശം ആവശ്യപ്പെട്ടു. എന്നാൽ കള്ളപ്പണമാണ് നൽകാമെന്ന് പറഞ്ഞത്. കള്ളപ്പണത്തിന് എതിരായതിനാൽ താൻ ആ ഓഫർ സ്വീകരിച്ചില്ല. ഇത് ജയലളിത അവർക്കെതിരെയുള്ള വിരോധമായി എടുക്കുകയും പക വീട്ടുകയുമായിരുന്നുവെന്നാണ് പുസ്തകത്തിൽ കമൽഹാസൻ പറയുന്നത്.
സെൻസറിങ് കഴിഞ്ഞ സിനിമ, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകി. ഇതോടെ ജയലളിത ചിത്രത്തിന്റെ റിലീസിങ് തടഞ്ഞു. പക്ഷേ കോടതി വിധി തനിക്ക് അനുകൂലമായിരുന്നുവെന്നും ഒട്ടേറ പ്രതിസന്ധികൾക്ക് നടുവിലും വിശ്വരൂപം വലിയ വിജയം നേടിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജയലളിതയെ കണ്ട് കാലുപിടിച്ച് മാപ്പു പറയുമെന്നാവും അവർ കരുതിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ജയലളിത മരിച്ച വാർത്ത പുറത്ത് വന്നപ്പോൾ കമൽഹാസൻ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ജയയുടെ ഒപ്പമുള്ളവരോട് സഹാനുഭൂതി തോന്നുവെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here