‘സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു’; പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്ത്

അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്ക്കറും കുടുംബവും കൊല്ലത്തുവെച്ച് ജ്യൂസ് കുടിച്ച കടയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവെന്ന് പ്രകാശ് തമ്പിയുടെ മൊഴി. പ്രകാശ് തമ്പി നേരത്തേ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അപകടത്തെക്കുറിച്ചു പല അഭിപ്രായമുണ്ടായപ്പോൾ പരിശോധിക്കാൻ വാങ്ങിയതാണെന്നും പ്രകാശ് തമ്പി മൊഴി നൽകിയിരുന്നു.
കേസന്വേഷിച്ച ആദ്യത്തെ ക്രൈം ബ്രാഞ്ച് സംഘത്തിനായിരുന്നു പ്രകാശ് തമ്പി ഇത് സംബന്ധിച്ച മൊഴി നൽകിയത്. കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദിന്റെ മൊഴിയെടുത്ത ശേഷമാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തത്. ഹാർഡ് ഡിസ്ക്കിൽ നിന്നു വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി മൊഴി നൽകി.
നേരത്തേ പ്രകാശ് തമ്പി കടയിലെത്തി ദൃശ്യങ്ങൾ ശേഖരിച്ചുവെന്ന് ഷംനാദ് മൊഴി നൽകിയിരുന്നെങ്കിലും അത് പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചിരുന്നു. ബാലഭാസ്ക്കറിന്റെ അപകട മരണം സംബന്ധിച്ച് ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനിടെയാണ് പ്രകാശ് തമ്പി ഹാർഡ് ഡിസ്ക്ക് കൊണ്ടുപോയതെന്നും ഇത് പിന്നീട് തിരിച്ചു നൽകിയെന്നും ഷംനാദ് പറഞ്ഞിരുന്നു. എന്നാൽ മാധ്യമങ്ങളെ കണ്ട ഇയാൾ പറഞ്ഞത് പ്രകാശ് തമ്പിയെ അറിയില്ലെന്നായിരുന്നു. ബാലഭാസ്ക്കറാണ് കടയിൽ വന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഷംനാദ് പറഞ്ഞു. മൊഴിയിലുള്ള വൈരുദ്ധ്യം വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതിനിടെ ബാലഭാസ്ക്കറുടെ ഡ്രൈവറായിരുന്ന അർജുൻ ഒളിവിലെന്ന് സൂചനയുണ്ട്. അർജുൻ നാടുവിട്ടെന്നും നിലവിൽ അസമിലാണെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റയാൾ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അർജുൻ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അർജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടസമയത്ത് വാഹനം അമിത വേഗത്തിലാണ് ഓടിച്ചിരുന്നത് എന്നതാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്ന മറ്റൊരു പ്രധാന കാര്യം. ചാലക്കുടിയിൽ നിന്ന് പള്ളിപ്പുറത്തെത്താൻ രണ്ടേമുക്കാൽ മണിക്കൂർ മാത്രമാണ് വേണ്ടിവന്നത്. അത്രയും വേഗത്തിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടർ രവീന്ദ്രന്റെ മകൻ ജിഷ്ണുവും ഒളിവിലെന്നാണ് സംശയം. ഇക്കാര്യവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here