അഡ്രസ് മാറിക്കിട്ടിയ അയൽവാസിയുടെ ചെക്ക്‌ബുക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; വീട്ടമ്മ അറസ്റ്റിൽ

അഡ്രസ് മാറിവന്ന അയല്‍വാസിയുടെ ചെക്ക്ബുക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വീട്ടമ്മ പിടിയില്‍. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് തട്ടിപ്പ് നടന്നത്. വാദിയും പ്രതിയും ഒരേ സ്ഥലത്ത് ഒരേ പേരില്‍ താമസിക്കുന്നവരാണ്. ചെക്ക്ബുക്ക് കിട്ടിയതിന് പിന്നാലെ അയല്‍വാസിയുമായി അടുത്ത് 49 കാരിയായ അനിതദേവി തന്ത്രപൂര്‍വം ഇവരുടെ ഒപ്പ് പഠിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് 3.62 ലക്ഷം രൂപയാണ് പിന്‍വലിച്ചത്.

ഫെബ്രുവരിയിലാണ് അനിത ദേവിയുടെ അയല്‍വാസി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പുതിയ ചെക്ക്ബുക്കിനായി അപേക്ഷിക്കുന്നത്. ഒരേ സ്ഥലത്ത് ഒരേ പേരിൽ താമസിക്കുന്നതു കൊണ്ട് തന്നെ കൊറിയര്‍ മാറി എത്തിയത് പ്രതിയുടെ കൈയിലാണ്. തന്റെ ചെക്ബുക്ക് അല്ലെന്ന് മനസിലാക്കിയിട്ടും അനിത ദേവി അത് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു.

ചെക്ക്ബുക്ക് കിട്ടിയശേഷം ഇവര്‍ തന്റെ അയല്‍വാസിയുമായി കൂടുതല്‍ അടുത്തു. ഇവരുടെ ഒപ്പ് പഠിച്ചെടുത്തപ്രതി ആദ്യം 50000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. ബാങ്കിന് സംശയം തോന്നിയിട്ടില്ലെന്ന് മനസിലാക്കിയതോടെ നാല് ചെക്ക് ഉപയോഗിച്ച് 2.5 ലക്ഷം രൂപ അവര്‍ പിന്‍വലിച്ചെന്നും പൊലീസ് പറഞ്ഞു. പണം പിന്‍വലിക്കുക മാത്രമല്ല, അക്കൗണ്ടുമായി തന്റെ ഫോണ്‍നമ്പര്‍ ബന്ധിപ്പിക്കുകയും പുതിയ എടിഎം കാര്‍ഡും പിന്‍ നമ്പറും സ്വന്തമാക്കുകയും ചെയ്തു. എടിഎം വഴി 97,000 രൂപയാണ് ഇവര്‍ പിന്‍വലിച്ചത്. കൂടാതെ 15,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി.

ബാങ്ക് അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമയായ അനിത ദേവി മെയ് 23 വരെ ഇതൊന്നും അറിഞ്ഞിരുന്നില്ല. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസിനെയും ബാങ്ക് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. അടുത്ത ദിവസം പ്രതി ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കേസായതോടെ അയല്‍വാസിയില്‍ നിന്ന് തട്ടിച്ച പണം അവര്‍ തിരികെ അക്കൗണ്ടിലേക്കിട്ടു. എന്നാല്‍ ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. തട്ടിപ്പിന് ഉപയോഗിച്ച ചെക്ക് ബുക്കും എടിഎമ്മും ഇവരില്‍ നിന്ന് കണ്ടെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More