ബാലഭാസ്‌ക്കറിന്റെ മരണം; പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് സ്വർണ്ണക്കടത്ത് കേസ് പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അനുമതി നൽകിയത്. ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനാണ് അനുമതി. നിലവിൽ സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിൽ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും.
കലാഭവൻ സോബിയുടെയും ബാലഭാസ്‌ക്കർ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടമ ഷംനാദിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും ചോദ്യം ചെയ്യുക. അപകടത്തിന് മുമ്പ് ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം കടയുടമ നിഷേധിച്ചു.
അന്വേഷണത്തിൽ നിർണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ബാലഭാസ്‌ക്കറിൻറെമരണത്തിന് ശേഷം താൻ കൊണ്ടുപോയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഹാർഡ് ഡിസ്‌ക്ക് അടക്കമുള്ളവ കട ഉടമ ഷംനാദിൻറെ സുഹൃത്തിൻറെ സഹായത്തോടെ കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നായിരുന്നു തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് മാറ്റുകയായിരുന്നു. ബാലഭാസ്‌ക്കറിന്റെ അച്ഛനും അമ്മാവനുമുൾപ്പടെ പ്രകാശ് തമ്പിക്കെതിരെ മൊഴി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here