അലിഗഢിൽ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ

ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സാഹിദിന്റെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരുടെ ദുപ്പട്ട ഉപയോഗിച്ചാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്ന് രാവിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ രണ്ടിനാണ് രണ്ടര വയസുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ 5 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശിൽപ്പ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി നിർദ്ദേശം നൽകി. കുടുംബത്തിന് എത്രയും പെട്ടെന്ന് നീതി ലഭിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here