ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങുമെന്ന വാർത്തകൾ അടിസ്ഥാനരഹിതം; വിശദീകരണവുമായി ജോബി ജസ്റ്റിൻ

എടികെയിലേക്കുള്ള തൻ്റെ ട്രാൻസ്ഫർ നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഫുട്ബോൾ അസോസിയേഷൻ ട്രാൻസ്ഫർ റദ്ദാക്കിയെന്ന വാർത്തകൾ വ്യാജമെന്ന് മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ. താൻ വരുന്ന സീസണിൽ എടികെയ്ക്ക് വേണ്ടിത്തന്നെ ബൂട്ടണിയുമെന്നും മറിച്ചു വരുന്ന വാർത്തകൾ തെറ്റാണെന്നും ജോബി പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോബി ഇക്കാര്യം അറിയിച്ചത്.
താൻ എടികെയുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും വരുന്ന സീസണിൽ എടികെയ്ക്ക് വേണ്ടി കളിക്കുമെന്നും ജോബി സൂചിപ്പിക്കുന്നു. മുൻ ക്ലബിൽ രണ്ടു വർഷം കൂടി കളിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതൊക്കെ നിരസിക്കുകയാണെന്നും ജോബി പോസ്റ്റിലൂടെ പറഞ്ഞു. ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷനിലും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലും ഇക്കാര്യം കാണിച്ച് പരാതി നൽകിയിട്ടുണ്ടെന്നും ജോബി വ്യക്തമാക്കി.
നേരത്തെ ഐലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിൽ നിന്നാണ് എടികെ ജോബിയെ സ്വന്തമാക്കിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ ഈ കൂടുമാറ്റത്തെപ്പറ്റി പരാതിപ്പെട്ടതിനെത്തുടർന്ന് കൊൽക്കത്ത ഫുട്ബോൾ അസോസിയേഷൻ അന്വേഷണം നടത്തിയെന്നും തുടർന്ന് ട്രാൻസ്ഫർ റദ്ദാക്കിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here