സിഎംഎസിൽ ഇനി ട്രാൻസ്ജെൻഡർ വിഭാഗക്കാരും; ഇത് പുതു ചരിത്രം

ചരിത്രം കുറിച്ച് കോട്ടയം സിഎംഎസ് കോളേജിലേക്ക് ഇക്കുറി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരും. ബിരുദ കോഴ്‌സുകളിലാണ് മണര്‍കാട് സ്വദേശി അവന്തികയും, അതിരമ്പുഴ സ്വദേശി ഷാന നവാസും പ്രവേശനം നേടിയത്. കോഴ്‌സുകള്‍ക്ക് രണ്ട് സീറ്റുകള്‍ വരെ സംവരണം ഏര്‍പ്പെടുത്തിയതോടെയാണ് മാറ്റിനിര്‍ത്തപ്പെട്ട ട്രാന്‍സ് വിഭാഗക്കാര്‍ക്ക് സി.എം.എസ് കോളേജില്‍ പഠനാവസരം ഒരുങ്ങിയത്.
കാത്തിരിപ്പിനൊടുവില്‍ കലാലയത്തിന്റെ പടികടന്നെത്തിയപ്പോള്‍ മണര്‍കാട് സ്വദേശി അവന്തികയ്ക്കും, അതിരമ്പുഴ സ്വദേശി ഷാനയ്ക്കും അഭിമാന മുഹൂര്‍ത്തമായിരുന്നു. അവന്തിക ചരിത്രവിഭാഗത്തിലാണ് പ്രവേശനം നേടിയത്, ഷാന സാമ്പത്തിക ശാസ്ത്രത്തിലും. ആണിനും പെണ്ണിനും മാത്രമുള്ളതല്ല ലോകമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇരുവരുടെയും ചരിത്ര നേട്ടം.
ആദ്യ ദിനത്തില്‍ വലിയ സ്വീകരണമാണ് ഇരുവര്‍ക്കും കലാലയത്തില്‍ ലഭിച്ചത്. അവന്തികയ്ക്കും ഷാനയ്ക്കുമായി പ്രത്യേക സൗകര്യങ്ങളും കോളേജില്‍ ഒരുക്കും. പഠന സൗകര്യം ഒരുങ്ങിയതോടെ ഇവരുടെ സ്വപ്‌നങ്ങള്‍ക്കാണ് ചിറകു മുളച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here