മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ്; ആറാഴ്ചത്തേക്ക് സ്റ്റേ

കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഫ്ളാറ്റുകളിലെ 32 താമസക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് ആറാഴ്ചത്തേക്ക് കൂടി തൽസ്ഥിതി തുടരാനുള്ള സുപ്രീം കോടതിയുടെ നിർദേശം. കേസ് അടുത്ത മാസം ആദ്യം വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഇന്ദിരാബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഫ്ളാറ്റ് പൊളിച്ച് നീക്കാൻ സുപ്രീം കോടതി നിർദേശിച്ച സമയം കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഫ്ളാറ്റുകളിലെ താമസക്കാരുടെ വാദം കേൾക്കാതെയാണ് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. മരടിലെ അഞ്ച് ഫ്ളാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചു നീക്കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പൊളിച്ചു നീക്കിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here