യുഡിഎഫ് ഭരണ കാലത്തെ പൊതുമരാമത്ത് പണികളെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

യുഡിഎഫ് ഭരണ കാലത്തെ പൊതുമരാമത്ത് പണികളിൽ നടന്ന കുംഭകോണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ യുഡിഎഫ് ഭരണകാലത്ത് നടന്ന കുംഭകോണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
പാലാരിവട്ടം പാലം ഉപയോഗ ശൂന്യമാകുന്നത് കേരളം നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ട അവസ്ഥയിലാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും ഏജൻസികളെയും രക്ഷപ്പെടാൻ അനുവദിക്കരുത്. യുഡിഎഫിന്റെ കാലത്തെ എല്ലാ പൊതുമരാമത്ത് കരാറുകളെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.
പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ് സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ നേരത്തെ പുറത്ത് വന്നിരുന്നു. റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിൽ നിന്നും കരാറുകാരന് 8.25 കോടി രൂപ പലിശയ്ക്കു നൽകാൻ നിർദ്ദേശിച്ചത് പൊതുമരാമത്ത് വകുപ്പാണ്. ഇതു പിന്നീടു ബില്ലിൽ നിന്നും ലഘു തവണകളായി തിരിച്ചുപിടിച്ചാൽ മതിയെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയെന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here