പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ് സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്; 24 എക്‌സ്‌ക്ലൂസീവ്

പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ് സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്. റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിൽ നിന്നും കരാറുകാരന് 8.25 കോടി രൂപ പലിശയ്ക്കു നൽകാൻ നിർദ്ദേശിച്ചത് പൊതുമരാമത്ത് വകുപ്പ്. ഇതു പിന്നീടു ബില്ലിൽ നിന്നും ലഘു തവണകളായി തിരിച്ചുപിടിച്ചാൽ മതിയെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. കരാറുകാരൻ അവകാശപ്പെട്ട അധിക നിർമ്മാണവം കരാർ വ്യവസ്ഥ ലംഘിച്ച് നിർമ്മാണത്തിനു മറ്റു സാമഗ്രികൾ ഉപയോഗിച്ചതും പൊതുമരാമത്ത് മന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് മാസങ്ങൾക്ക് ശേഷം അംഗീകരിക്കുകയും ചെയ്തു. 24 എക്‌സ്‌ക്ലൂസീവ്.
പാലാരിവട്ടം ഫ്‌ളൈഓവറിനു കരാർ ഏറ്റെടുത്ത ആർ.ഡി.എസ് പ്രോജക്ട്‌സ് എന്ന സ്ഥാപനത്തിനു 8.25 കോടി രൂപ വായ്പ നൽകാൻ തീരുമാനിച്ചതു പൊതുമരാമത്ത് വകുപ്പാണെന്ന് 2014 ജൂലൈ 15നു ഇറക്കിയ ഈ ഉത്തരവ് വ്യക്തമാക്കുന്നു. റോഡ് ഫണ്ട് ബോർഡിന്റെ ഫണ്ടിലുള്ള 8.25 കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനു കൈമാറണമെന്നാണ് ഇതിൽ പറയുന്നത്. ഈ തുക കോർപ്പറേഷൻ കരാറുകാരന് കൈമറാറി. പലിശയ്ക്കാണ് തുക കരാറുകാരന് നൽകിയത്. എന്നാൽ അന്നു നിലവിലുണ്ടായിരുന്ന ബാങ്കു വായ്പ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കായ 7 ശതമാനത്തിനാണ് ആർ.ഡി.എസിനു തുക നൽകിയത്.
ഇങ്ങനെ പലിശയ്ക്കു നൽകിയ തുക കരാറുകരന്റെ ബി്ല്ലിൽ നിന്നും സൗകര്യപ്രദമായ തവണകളായി തിരിച്ചുപിടിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ കരാറുകാരൻ അധിക നിർമ്മാണമെന്ന് അവകാശപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തികളും പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ചെയർമാനായ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു കൊടുത്തു. നിർമ്മാണം നടത്തിയ ശേഷം ഇതു ഡയറക്ടർ ബോർഡിൽ പ്രമേയമായി കൊണ്ടു വരികയായിരുന്നു. കരാർ വ്യവസ്ഥ ലംഘിച്ച് കരാറുകാരൻ നടത്തിയ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. പാലത്തിന്റെ ഭാഗങ്ങളിൽ ബിറ്റുമിനസ് കോൺക്രീറ്റും ബിറ്റുമിനസ് മക്കാഡമും ഉപയോഗിക്കണമെന്നതായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ ഇതിൽ നിന്നും വ്യതിചലിച്ച് ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് കരാറുകാരൻ ചെയ്തത്. നിർമ്മാണം കഴിഞ്ഞശേഷം ഇതിനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here